കോടിയേരിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍
വീട്ടിലും നൂറു കണക്കിനാളുകളാണ് കോടിയേരിയെ കാണാനെത്തുന്നത്
2 Oct 2022 5:31 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തലശേരി: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഈങ്ങയില്‍പ്പീടികയിലെ വീട്ടിലെത്തിച്ചു. തലശേരി ടൗണ്‍ ഹാളിലെ എട്ടു മണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളും കോടിയേരിയുടെ വീട്ടിലെത്തിയിരുന്നു.
വീട്ടിലും നൂറു കണക്കിനാളുകളാണ് കോടിയേരിയെ കാണാനെത്തുന്നത്. നാളെ രാവിലെ 11 മണി മുതല്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ചടങ്ങില്‍ ബന്ധുക്കളും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മന്ത്രിമാരും മാത്രമാണ് പങ്കെടുക്കുക.
കോടിയേരിക്ക് ആദരമര്‍പ്പിക്കാനായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും നാളെ കേരളത്തിലെത്തും. അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സീതാറാം യെച്ചൂരി അനുസ്മരിച്ചു. കോടിയേരിയുടെ വിയോഗം ഇടത് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും ശക്തനായ നേതാവായിരുന്നു കോടിയേരിയെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും അനുസ്മരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് കോടിയേരിയുടെ വേര്‍പാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മാസ്റ്ററും അനുസ്മരിച്ചിരുന്നു.
അര്‍ബുദ ബാധിതനായി ചെന്നൈയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് കോടിയേരി അന്തരിച്ചത്.