Top

എംഎല്‍എക്കെതിരെ കോൺ​ഗ്രസ്; ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെ സുധാകരന്‍

ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടക്കൊലപാതകം നടത്തിയവരെ സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടി ഇപ്പോഴിതാ ഒരു ദളിത് യുവാവിനെ കൂടി തല്ലിക്കൊന്നിരിക്കുന്നുവെന്നും കെ സുധാകരൻ ആരോപിച്ചു.

20 Feb 2022 6:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംഎല്‍എക്കെതിരെ കോൺ​ഗ്രസ്; ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെ സുധാകരന്‍
X

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ എംഎൽഎക്കെതിരെ കോൺ​ഗ്രസ്. കുന്നത്തുനാട് എംഎൽഎ ശ്രീനിജനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. സിപിഐഎം എംഎൽഎ ആള്‍ക്കൂട്ടക്കൊലപാതകത്തിന് നേതൃത്വം കൊടുക്കുകയാണ് ചെയ്തത്. ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടക്കൊലപാതകം നടത്തിയവരെ സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടി ഇപ്പോഴിതാ ഒരു ദളിത് യുവാവിനെ കൂടി തല്ലിക്കൊന്നിരിക്കുന്നുവെന്നും കെ സുധാകരൻ ആരോപിച്ചു.

ഇനിയെങ്കിലും ദളിത് വിരോധം അവസാനിപ്പിക്കാന്‍ സിപിഐഎം തയ്യാറാവണം. ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാര്‍ട്ടിയാണ് സിപിഐഎം. ദീപു മരിച്ചത് ലിവർ സിറോസിസ് മൂലമാണ് മരിച്ചതെന്ന് പ്രചരിപ്പിച്ച് മൃതദേഹത്തെ പോലും ഭരണപക്ഷ എംഎല്‍എ അപമാനിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. സി പി എം നടത്തിയ ദീപുവിന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സുധാകരൻ പറഞ്ഞു.

ദീപുവിന്റെ മരണത്തിൽ പ്രതികരിക്കാന്‍ തയ്യാറാകാത്ത കേരളത്തിലെ സാംസ്‌കാരിക നായകര്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. ഭരണകൂടത്തിന്റെ എച്ചില്‍ നക്കി ശിഷ്ടകാലം കഴിയാമെന്ന് കരുതുന്നവര്‍ കടുത്ത അനീതികള്‍ കണ്ടാലും പ്രതികരിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു. ജീവിത സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന സമൂഹമാണ് ദളിതരുടേത്. കൊടിയ അനീതികള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദളിത് സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി.

STORY HIGHLIGHTS: Congress against the MLA; K Sudhakaran wants to Made the first defendant to file a case

Next Story