ചെറിയ പെരുന്നാൾ ദിവസം പ്ലസ്ടു സിബിഎസ്ഇ പരീക്ഷ; പരീക്ഷ മാറ്റണമെന്ന് ആവശ്യമുയരുന്നു
പത്താംക്ലാസ് ഹോം സയൻസ് പരീക്ഷയും പ്ലസ്ടു ഹിന്ദി മെയിൻ, ഹിന്ദി ഇലക്ടീവ് കോഴ്സിന്റേയും പരീക്ഷകളാണ് മെയ് രണ്ടിന് നിശ്ചയിച്ചിരിക്കുന്നത്.
28 April 2022 10:24 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തി ചെറിയ പെരുന്നാൾ ദിവസം പ്ലസ്ടു സിബിഎസ്ഇ പരീക്ഷ. പത്ത്, പ്ലസ്ടു സിബിഎസ്ഇ പരീക്ഷകളാണ് ചെറിയ പെരുന്നാൾ ദിവസം നടത്തുന്നത്. പത്താംക്ലാസ് ഹോം സയൻസ് പരീക്ഷയും പ്ലസ്ടു ഹിന്ദി മെയിൻ, ഹിന്ദി ഇലക്ടീവ് കോഴ്സിന്റേയും പരീക്ഷകളാണ് മെയ് രണ്ടിന് നിശ്ചയിച്ചിരിക്കുന്നത്. അറബിക് കലണ്ടർ പ്രകാരം മെയ് രണ്ടിന് ചെറിയ പെരുന്നാളാവാൻ സാധ്യതയുളളതിനാലാണ് വിദ്യാർത്ഥികൾക്കിടയിൽ ആശങ്കയുയർന്നത്.
മെയ് ഒന്നിന് ശവ്വാൽ മാസപ്പിറവി കാണുകയാണെങ്കിൽ രണ്ടിനായിരിക്കും വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ, അല്ലെങ്കിൽ മെയ് മൂന്നിനായിരിക്കും പെരുന്നാൾ. ഇക്കാര്യത്തിൽ പരീക്ഷ ബോർഡും വിദ്യാർത്ഥികളും ആശയക്കുഴപ്പത്തിലാണ്. ഇങ്ങനെ സംഭവിച്ചാൽ പെരുന്നാൾ ദിനത്തിലും വിദ്യാർഥികൾ പരീക്ഷാ ഹാളിൽ ഇരിക്കേണ്ടി വരും.
കൊവിഡിനെ തുടർന്ന് സിബിഎസ്ഇ പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഈ വർഷത്തെ ഒന്നാംഘട്ട പരീക്ഷ കഴിഞ്ഞു. രണ്ടാം ഘട്ട പരീക്ഷയാണ് ഇപ്പോൾ നടക്കുന്നത്. അടുത്ത വർഷം മുതൽ സിബിഎസ്ഇ പരീക്ഷ രണ്ടു ഘട്ടങ്ങളിലായി നടത്താതെ പഴയ ഷെഡ്യൂളിലേക്ക് തന്നെ മാറുമെന്നാണ് പരീക്ഷ ബോർഡ് പറയുന്നത്. ഏപ്രിൽ 26ന് ആരംഭിച്ച സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ജൂൺ 15നാണ് അവസാനിക്കുക.
STORY HIGHLIGHTS: Plus Two CBSE Exam in Eid Al-Fitr day and the students demanded for postponed the exam date