
പാലക്കാട്: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്പൊട്ടലിന്റെ വേദനയിലാണ് നാട്. മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ദുരന്തത്തിന്റെ വാർത്തകള് കണ്ട് തന്റെ സങ്കടങ്ങളും സ്വപ്നങ്ങളും നിറഞ്ഞ ഒരു ഡയറിക്കുറിപ്പ് എഴുതിയിരിക്കുകയാണ് പാലക്കാട് ജില്ലയിലെ മണ്ണൂര് എ ജെ ബി എസ് കിഴക്കുംപുറം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്ത്ഥിയായ ആദി മുഹമ്മദ്. വയനാട്ടിലെ രക്ഷാപ്രവര്ത്തനം കണ്ടപ്പോള് ആര്മിയില് ചേരണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് കുഞ്ഞ് ആദി ഡയറിയില് കുറിച്ചത്.
ഇന്ന് രാവിലെ എണീറ്റപ്പോള് ഞാന് ആദ്യം ചോദിച്ചത് വയനാട്ടിലെ ദുരന്തത്തെ കുറിച്ചായിരുന്നു. ഞാനും ഉമ്മയും ഫോണിലൂടെ വാര്ത്ത കണ്ടു. ഒരുപാട് പേര്ക്ക് വീടുകള് നഷ്ടപ്പെട്ടു. അച്ഛനെയും അമ്മയെയും നഷ്ടമായി. കുറേ പേര് മരിച്ചുപോയി. വളരെ സങ്കടമായി. മലമുകളില് നിന്ന് മണ്ണും മരങ്ങളും പാറക്കഷണങ്ങളും കുത്തിയൊലിച്ച് വീടുകള് നഷ്ടപ്പെട്ട വീഡിയോ കാണുമ്പോള് എനിക്ക് ഒരുപാട് വിഷമമായി. ഇതെല്ലാം മാറട്ടെ എന്ന് പ്രാര്ത്ഥിച്ചു. എനിക്ക് ഉമ്മ ദുരിതാശ്വാസ ക്യാമ്പിനെ കുറിച്ച് പറഞ്ഞുതന്നു. ഇന്ത്യന് ആര്മിയുടെ രക്ഷാപ്രവര്ത്തനം കണ്ടപ്പോള് എനിക്ക് ആര്മിയില് ചേരാനും ഹെലികോപ്ടറില് സഞ്ചരിക്കാനും ആഗ്രഹമുണ്ടെന്ന് ഞാന് ഉമ്മയോട് പറഞ്ഞു
ജൂലൈ 31ന് ആദി എഴുതിയ ഡയറി ഇങ്ങനെയാണ്. ഡയറിക്കുറിപ്പിനു താഴെ ഒരു ഹെലികോപ്ടറിന്റെ ചിത്രവും ആദി വരച്ചുവെച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തെ തുടര്ന്ന് മികച്ച രക്ഷാപ്രവര്ത്തനമാണ് അപകടമുനമ്പില് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നതെന്നാണ് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ചേര്ന്ന സര്വകക്ഷി യോഗം അഭിപ്രായപ്പെട്ടത്. എല്ലാവരും ഒന്നിച്ചു നിന്ന് പ്രതിസന്ധിഘട്ടം തരണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആവശ്യപ്പെട്ടു. സര്ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്ണ പിന്തുണയുണ്ട്. കാണാതായവരെ കണ്ടെത്തണം. കാലാവസ്ഥ വിഷയത്തില് കുസാറ്റിന്റെ വൈദഗ്ധ്യം കൂടി പ്രയോജനപ്പെടുത്തി ദുരന്തങ്ങള് തടയേണ്ടതുണ്ട്. സതീശന് പറഞ്ഞു. സമയബന്ധിതമായി കൃത്യമായ ലക്ഷ്യത്തോടെ വേണം പുനരധിവാസം നടപ്പാക്കാനെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.