മാന്നാർ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്
മാന്നാർ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആലപ്പുഴ: മാന്നാ‍ർ കല കൊലപാതകക്കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ ഈ മാസം എട്ടാം തീയതി വരെ പൊലീസ് കസ്റ്റഡിയിൽ തുടരും. ആറു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. 15 വർഷം മുമ്പ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം.

കൂടുതൽ പ്രതികൾക്ക് കൃത്യത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കസ്റ്റഡി അപേക്ഷയിൽ പൊലീസ് പറയുന്നു. കൊലപാതകത്തിൽ ആയുധം ഉപയോഗിച്ചതായാണ് പൊലീസ് സംശയം. ഇതിനായി കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കലയെ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു, സോമൻ, പ്രമോദ് എന്നിവരാണ് യഥാക്രമം 2,3,4 പ്രതികൾ. പെരുമ്പുഴ പാലത്തിൽ വച്ച് അനിലും ഇവരും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി. 2009 ലാണ് കൊലപാതകം നടന്നത്. മൃതദേഹം മാരുതി കാറിൽ കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു എന്നും പൊലീസ് പറയുന്നു. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറഞ്ഞിട്ടില്ല. അനിൽ ഇപ്പോൾ വിദേശത്താണുള്ളത്. അനിലിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ഇയാളെ നാട്ടിലെത്തിക്കുമെന്നും പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. കൊലപാതകമെന്ന വിവരം ലഭിച്ചത് അമ്പലപ്പുഴ പൊലീസിനാണ്. വിശ്വസനീയമായ വിവരമാണ് പൊലീസിന് ലഭിച്ചത്. എന്നാൽ ആരാണ് വിവരം നൽകിയതെന്ന് വെളിപ്പെടുത്താനാകില്ലെന്നും എസ് പി ചൈത്ര തെരേസ ജോൺ ഇന്നലെ വ്യക്തമാക്കിയിരുന്നു. 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തി അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം തള്ളിയെന്നാണ് പ്രതികളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയത്. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കൾ അരിച്ചെടുത്ത് ഫോറൻസിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതിൽ വ്യക്തത വരുത്താനാകൂ.

കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു. ഇതോടെയാണ് തിരോധാനത്തിൽ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. അനിലിന്റെ സൃഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കല കൊല്ലപ്പെട്ടതാണെന്ന് ഈ സുഹൃത്തുക്കൾ സമ്മതിച്ചു. തുടർന്നാണ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. കാണാതാകുമ്പോൾ കലയ്ക്ക് 20 വയസ്സായിരുന്നു പ്രായം.

കല കൊല്ലപ്പെട്ടെന്ന് പൊലീസ് പറയുമ്പോഴും അമ്മ ജീവനോടെയുണ്ടെന്നാണ് കലയുടെ മകന്റെ പ്രതികരണം. അമ്മ ജീവനോടെയുണ്ടെന്ന് ഉറപ്പുണ്ടെന്നും അമ്മയെ തിരിച്ചു കൊണ്ടുവരുമെന്നും മകൻ പറഞ്ഞു. കാണാതായ ശേഷം അമ്മയെ കണ്ടില്ല. എന്നാൽ അമ്മ എവിടെയോ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് പ്ലസ് വൺ വിദ്യാ‍ർത്ഥിയായ മകൻ പ്രതികരിച്ചത്. വാർത്ത കേട്ടതിലുള്ള മാനസിക ബുദ്ധിമുട്ട് മൂലമുള്ള വൈകാരിക പ്രതികാരമാണ് മകന്റേതെന്ന നിഗമനത്തിലാണ് പൊലീസ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com