മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിലുണ്ടായ ഏകാധിപത്യ നീക്കങ്ങള്‍ ഇടതുവിരുദ്ധ വികാരമുണ്ടാക്കി: എഐവൈഎഫ്

മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിലുണ്ടായ ഏകാധിപത്യ നീക്കങ്ങള്‍ ഇടതുവിരുദ്ധ വികാരമുണ്ടാക്കി: എഐവൈഎഫ്

എഐവൈഎഫിന്റെ സംസ്ഥാന ശില്‍പശാലയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശനം

കുമളി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി എഐവൈഎഫ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തിലും പെരുമാറ്റത്തിലുമുണ്ടായ ഏകാധിപത്യ നീക്കങ്ങള്‍ ജനങ്ങളില്‍ ഇടതുവിരുദ്ധ വികാരം വളര്‍ത്തിയെന്ന് വിമര്‍ശനമുയര്‍ന്നു. എഐവൈഎഫിന്റെ സംസ്ഥാന ശില്‍പശാലയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശനം.

പൗരാവകാശങ്ങള്‍ക്കുമേല്‍ സ്വേച്ഛാധിപത്യം സ്ഥാപിക്കാനായി പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്‌തെന്നും വിമര്‍ശനമുണ്ട്. പ്രതിഷേധക്കാരെ പൊലീസിനെയും ഗണ്‍മാനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഉപയോഗിച്ച് ആക്രമിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരുടെ നിയമം കയ്യിലെടുക്കലിന് രക്ഷാപ്രവര്‍ത്തനമെന്ന ന്യായീകരണം പടച്ചുവിട്ടതും കുറച്ചൊന്നുമല്ല സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

'സപ്ലൈകോ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാത്തത് വലിയ രീതിയില്‍ തിരിച്ചടിക്ക് ഇടയാക്കി. സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള കുടിശ്ശിക നല്‍കാത്തതും സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ യഥാസമയം ലഭ്യമാക്കാത്തതും തിരിച്ചടിക്ക് ആക്കം കൂട്ടി. ചില പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ മെല്ലെപ്പോക്ക് സമീപനം കേരളത്തിലെ യുവത്വത്തിനിടയില്‍ കടുത്ത അസംതൃപ്തി സൃഷ്ടിച്ചു. ഈ വിഷയം പരിഹരിക്കുന്നതിലുണ്ടായ പോരായ്മ തിരഞ്ഞെടുപ്പിനെ ഒരു പരിധിവരെ ബാധിച്ചു.'

തോല്‍വിയിലേക്ക് നയിച്ച കാരണങ്ങളും അതിലേക്ക് നയിച്ച സാഹചര്യങ്ങളും മുന്നണിയും പാര്‍ട്ടികളും പ്രത്യേകമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്തുന്നതിന് ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുകയെന്ന സമീപനം നല്ലൊരു വിഭാഗം ജനങ്ങള്‍ സ്വീകരിച്ചതാണ് തോല്‍വിയുടെ പ്രധാനകാരണം. എന്നാല്‍ തോല്‍വിക്കിടയാക്കിയ മറ്റ് ഘടകങ്ങള്‍ സംബന്ധിച്ച് ഇടതുപക്ഷം ആഴത്തിലുള്ള പരിശോധനകളും വിലയിരുത്തലുകളും നടത്തുക തന്നെ വേണമെന്നും എഐവൈഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

logo
Reporter Live
www.reporterlive.com