'വിവരദോഷി' വിളി തരംതാണത്, ഇടത്തോട്ട് ഇന്‍ഡിക്കേറ്ററിട്ട് മുഖ്യമന്ത്രി വലത്തേക്ക്: സതീശന്‍

തീവ്ര വലതുപക്ഷ വ്യതിയാനത്തിലേക്കാണ് മുഖ്യമന്ത്രി പോകുന്നത്.
'വിവരദോഷി' വിളി തരംതാണത്, ഇടത്തോട്ട് ഇന്‍ഡിക്കേറ്ററിട്ട് മുഖ്യമന്ത്രി വലത്തേക്ക്: സതീശന്‍

ന്യൂഡല്‍ഹി: യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ 'വിവരദോഷി' വിളി തരംതാഴ്ന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്ക് വിമര്‍ശനത്തോട് അസഹിഷ്ണുതയാണ്. ചുറ്റുമുള്ളത് ഉപചാപക സംഘങ്ങള്‍. ഇരട്ടചങ്കന്‍, കാരണഭൂതന്‍ എന്നൊക്കെ കേട്ട് ആവേശഭരിതനായി കോള്‍മയിര്‍കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

'ഒരു തിരുത്തലുമില്ലാതെ മുഖ്യമന്ത്രി ഇങ്ങനെ പോകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. കാലം കാത്തുവെച്ച നേതാവാണ് പിണറായി വിജയന്‍ എന്നു പറഞ്ഞയാളാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അന്ന് മുഖ്യമന്ത്രി അതിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. അപ്രിയമായ സത്യങ്ങള്‍ കേള്‍ക്കുന്നത് ദുര്‍ലഭമായ ആളുകളായിരിക്കും. പ്രിയങ്ങളായ സത്യങ്ങള്‍ കേള്‍ക്കാന്‍ ഒരുപാടുപേരുണ്ടാവും. മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളത് ഉപചാപക സംഘങ്ങളാണ്. ഇരട്ടചങ്കന്‍, കാരണഭൂതന്‍ എന്നൊക്കെ കേട്ട് ആവേശഭരിതനായി കോള്‍മയിര്‍കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി', വി ഡി സതീശന്‍ പറഞ്ഞു.

ഇടത്തോട്ട് ഇന്‍ഡിക്കേറ്ററിട്ട് മുഖ്യമന്ത്രി വലത്തോട്ട് വണ്ടിയോടിച്ചുകൊണ്ടിരിക്കുകയാണ്. തീവ്ര വലതുപക്ഷ വ്യതിയാനത്തിലേക്കാണ് മുഖ്യമന്ത്രി പോകുന്നത്. തന്നെ തിരുത്തേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി. മലയാള നിഘണ്ടുവിലേക്ക് ഒരുപാട് വാക്കുകള്‍ ഇതിനകം സംഭാവനചെയ്തു കഴിഞ്ഞെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

വോട്ടിംഗ് പാറ്റേണ്‍ പരിശോധിച്ചാല്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇടതുപക്ഷത്തിന് വോട്ട് നഷ്ടപ്പെട്ടു. സിപിഐഎം ഡി ജനറേഷനില്‍ ആണ് ഇപ്പോള്‍. ബംഗാളിലും തൃപുരയിലും ഉണ്ടായതുപോലെ ജീര്‍ണ്ണതയാണ് സംഭവിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം തവണ ജനം വീഴില്ലെന്നും പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ലെന്നും ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു സര്‍ക്കാരിനെതിരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ വിമര്‍ശനം. പിന്നാലെയാണ് പരസ്യവിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. പ്രളയം വീണ്ടും വരണമെന്ന് പറയുന്ന ചില വിവരദോഷികള്‍ പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി കടന്നാക്രമിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com