വയനാട്ടിൽ തൊടാനാകില്ല രാഹുലിനെ; ആരും കൊതിക്കുന്ന ഭൂരിപക്ഷത്തിൽ വിജയം

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ആദ്യം മുതലേ ബഹുദൂരം പിന്നിലായിരുന്നു
വയനാട്ടിൽ തൊടാനാകില്ല രാഹുലിനെ; ആരും കൊതിക്കുന്ന ഭൂരിപക്ഷത്തിൽ  വിജയം

കല്‍പ്പറ്റ: വയനാട്ടിൽ ആരാലും തോൽപ്പിക്കാനാകാതെ അജ്ജയ്യനായി രാഹുൽ ​ഗാന്ധി. മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആരും കൊതിക്കുന്ന വിജയമാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ​ഗാന്ധി നേടിയിരിക്കുന്നത്. രണ്ടാം തവണയും വയനാട്ടിൽ നിന്ന് മത്സരിക്കുന്ന രാഹുൽ ഇടത് മുന്നണിയുടെ ആനിരാജയെ പരാജയപ്പെടുത്തിയാണ് ഈ വലിയ വിജയത്തിലേക്കെത്തിയിരിക്കുന്നത്. ഇക്കുറി വയനാടിനൊപ്പം റായ്ബറേലിയില്‍ നിന്നും ജനവിധി തേടുന്ന രാഹുല്‍ അവിടെയും മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിച്ചു.

കഴിഞ്ഞതവണ നേടിയ റെക്കോഡ് ഭൂരിപക്ഷത്തിനടുത്തെത്താനായില്ലെങ്കിലും വോട്ടെണ്ണൽ ആരംഭിച്ച ആദ്യ റൗണ്ട് മുതൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽഗാന്ധിക്ക് തന്നെയായിരുന്നു മുൻതൂക്കം. വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിട്ടതോടെ ഇടത്, എന്‍ഡിഎ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കി രാഹുൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചു. ആനിരാജ എന്ന ദേശീയ നേതാവിനെ ഇറക്കി പ്രചരണത്തിൽ ഏറെ മുന്നിലായിരുന്നെങ്കിലും ഇടതുപക്ഷം പ്രതീക്ഷിച്ചത്ര വോട്ടുകൾ പെട്ടിയിൽ വീണില്ല.

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ആദ്യം മുതലേ ബഹുദൂരം പിന്നിലായിരുന്നു. പാർട്ടി വോട്ടുകൾക്കപ്പുറം നേടാൻ ആകുമെന്ന് പ്രതീക്ഷയിൽ ഇത്തവണ മത്സരത്തിനിറങ്ങിയ എന്‍ഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് ഒന്നര ലക്ഷത്തിനടുത്ത് വോട്ടുകൾ ലഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ ബിജെപിക്ക് ലഭിക്കുന്ന റെക്കോർഡ് വോട്ടാണിത്. നോട്ടയ്ക്ക് ഇത്തവണ 6000 ത്തിലധികം വോട്ടുകൾ ആണു ലഭിച്ചത്.

2014 ല്‍ കോൺഗ്രസിന്റെ എം ഐ ഷാനവാസ് 3,77,035 വോട്ട് നേടിയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. സിപിഐയുടെ സത്യൻ മൊകേരി 3,56,165 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപിയുടെ പി ആർ രശ്മിൽനാഥ ആകെ നേടിയത് 80,752 വോട്ടുകളായിരുന്നു. 20,870 ആയിരുന്നു യുഡിഎഫിന്റെ ഭൂരിപക്ഷം

എന്നാല്‍ 2019 ല്‍ 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടില്‍ നിന്ന് വിജയിച്ചത്. 2.3 ശതമാനം എന്ന ഷാനവാസിന്റെ ഭൂരിപക്ഷത്തില്‍ നിന്ന് 39.5% ഭൂരിപക്ഷമാണ് രാഹുല്‍ വയനാട്ടില്‍ നേടിയത്. 7,06,367 വോട്ടാണ് രാഹുലിന് ലഭിച്ചത്. സിപിഐയുടെ പി പി സുനീർ 2,74,597 ബിഡിജെഎസ്സിന്റെ തുഷാർ വെള്ളാപ്പള്ളി 78,816 വോട്ടും നേടി.

2019ല്‍ ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്നും കേരളത്തിലെ വയനാട് മണ്ഡലത്തില്‍ നിന്നും അദ്ദേഹം മത്സരിച്ചിരുന്നു. അമേഠിയില്‍ തോല്‍വി ഏറ്റുവാങ്ങിയ അദേഹം വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയിക്കുകയായിരുന്നു. 2004 മുതല്‍ അമേഠി മണ്ഡലത്തില്‍ നിന്നും ലോക്‌സഭാ അംഗമായ രാഹുല്‍ 2019 വരെ ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2017 ഡിസംബറില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഏറ്റെടുത്തെങ്കിലും ലോകസഭ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിനുശേഷം സ്ഥാനം രാജിവെച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ട്രസ്റ്റിയാണ്.

1970 ജൂണ്‍ 19നു ഡല്‍ഹിയിലാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും ഇറ്റലിക്കാരിയായ സോണിയാ ഗാന്ധിയുടേയും രണ്ടു മക്കളില്‍ മൂത്തവനായ രാഹുലിന്റെ ജനനം. റോളിന്‍സ്, കേംബ്രിഡ്ജ് എന്നീ വിദേശ സര്‍വകലാശാലകളില്‍ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങള്‍, വികസനം എന്നീ വിഷയങ്ങളില്‍ ബിരുദം നേടിയ രാഹുല്‍ ആദ്യം ലണ്ടനിലെ ഒരു മാനേജ്മെന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ മോണിറ്റര്‍ ഗ്രൂപ്പിലും പിന്നീട് മുംബൈയിലെ ബാക്കോപ്സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തിരുന്നു. തുടര്‍ന്നാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.

ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇന്ദിരാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ പരമ്പരയില്‍പ്പെട്ട രാഹുലിനെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് കഴിഞ്ഞ തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പോരിനിറങ്ങിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com