ജാവദേക്കറുമായി ഇപി രാഷ്ട്രീയം പറഞ്ഞില്ല, ഇപി പറയുന്നത് സത്യം, ശോഭ പറയുന്നത് പച്ചക്കള്ളം: നന്ദകുമാർ

ശോഭ സുരേന്ദ്രൻ പറയുന്നത് മുഴുവൻ തട്ടിപ്പും അസംബന്ധവുമാണ്. രാമനിലയത്തിൽ വെച്ച് ഇപിയും ജാവദേക്കറും കണ്ടിട്ടില്ലെന്ന് ടി ജി നന്ദകുമാർ
ജാവദേക്കറുമായി ഇപി രാഷ്ട്രീയം പറഞ്ഞില്ല, ഇപി പറയുന്നത് സത്യം, ശോഭ പറയുന്നത് പച്ചക്കള്ളം: നന്ദകുമാർ

കൊച്ചി: ഇ പി ജയരാജനും - ജാവദേക്കറും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇപി രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയം പറഞ്ഞത് പ്രകാശ് ജാവദേക്കറാണെന്നും ടി ജി നന്ദകുമാർ. ഇപി മാധ്യമങ്ങളോട് പറഞ്ഞത് സത്യമാണ്. ശോഭ സുരേന്ദ്രനുമായി ഇ പി ജയരാജൻ കൂടിക്കാഴ്ച നടത്തിയിട്ടില്ല. ശോഭ സുരേന്ദ്രൻ പറയുന്നത് മുഴുവൻ തട്ടിപ്പും അസംബന്ധവുമാണെന്നും ടി ജി നന്ദകുമാർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

രാമനിലയത്തിൽ വെച്ച് ഇപിയും ജാവദേക്കറും കണ്ടിട്ടില്ല. കണ്ടത് ഇപിയുടെ ആക്കുളത്തെ ഫ്ലാറ്റിൽ വച്ചാണ്. ജാവദേക്കറുടെ ആവശ്യപ്രകാരമായിരുന്നു കൂടിക്കാഴ്ച. മകനോട് വിളിച്ച് ഇ പി ജയരാജൻ വീട്ടിലുണ്ടോ എന്ന് ചോദിച്ചു. ഇപി ഫ്ലാറ്റിൽ ഉണ്ടെന്ന് അറിഞ്ഞാണ് ഫ്ലാറ്റിലേക്ക് പോയത്. എന്നാൽ തന്റെ കൂടെ ജാവദേക്കറുമുണ്ടെന്ന് ഇപിക്ക് അറിയില്ലായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു.

തൃശൂരിൽ ബിജെപിയെ സഹായിക്കണമെന്ന് ജാവദേക്കർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ എസ്എൻസി ലാവ്‍ലിൻ ഉപയോഗിച്ച് ബുദ്ധിമുട്ടിക്കുകയാണെന്ന് ഇ പി ജാവദേക്കറോട് പറഞ്ഞു. ഇതെല്ലാം ആദ്യം ക്രമപ്പെടുത്തൂ എന്ന് ഇപി പറഞ്ഞു. എന്നാൽ ബിജെപി 90 ശതമാനം ചർച്ചയും നടത്തിയത് സുധാകരനുമായാണ്. കെ സുധാകരന്റെ സാമ്പത്തിക പ്രതിസന്ധി തീർക്കാൻ തീരുമാനമായി. എന്നാൽ കെപിസിസി അധ്യക്ഷസ്ഥാനം ലഭിച്ചതോടെ ചർച്ച മുന്നോട്ട് പോയില്ല.

കെ മുരളീധരൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായും ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. വൈദേകം റിസോർട്ടിന്റേ പേര് പറഞ്ഞ് പേടിപ്പിക്കല്ലെ എന്ന് ഇപി പറഞ്ഞു. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ ബിജെപിക്ക് ചലനം ഉണ്ടാക്കാൻ കഴിയില്ലെന്ന് ഇപി പറഞ്ഞുവെന്നും ടി ജി നന്ദകുമാർ ആരോപിച്ചു. കെ സുധാകരനും ശോഭ സുരേന്ദ്രനും തമ്മിൽ ​ഗൂഢാലോചന നടത്തിയാണ് തിരഞ്ഞെടുപ്പ് സമയത്ത് ഇപിയുമായുള്ള ​ജാവദേക്കറിന്റെ കൂടിക്കാഴ്ച പുറത്തുവിട്ടതെന്നും ടി ജി നന്ദകുമാർ വ്യക്തമാക്കി.

ഇപിയെ ബിജെപിയിലേക്ക് കൊണ്ടുപോകാനല്ല ജാവദേക്കർ വന്നത്. തൃശൂരിൽ സഹായം ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നാൽ എസ്എൻസി ലാവ്‍ലിൻ കേസ് സുപ്രീംകോടതിയിൽ നിന്ന് പിൻവലിക്കുമെന്നും ടി ജി നന്ദകുമാർ അവകാശപ്പെടുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com