നിയമസഭയില്‍ 'പുട്ടിനെ' കൂട്ടുപിടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ, തര്‍ക്കമുന്നയിച്ച് ഭരണപക്ഷം

നവകേരള സദസ്സിനെതിരെയും ചെയറിനെതിരെയുമായിരുന്നു തിരുവഞ്ചൂരിൻ്റെ 'പുട്ട്' പ്രയോഗങ്ങൾ
നിയമസഭയില്‍ 'പുട്ടിനെ' കൂട്ടുപിടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ, തര്‍ക്കമുന്നയിച്ച് ഭരണപക്ഷം

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഭരണപക്ഷം രംഗത്ത്. നവകേരള സദസ്സില്‍ മന്ത്രിമാര്‍ പിരിവെടുത്ത് പുട്ടടിച്ചെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആദ്യപരാമര്‍ശം. ഇതിനെതിരെ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തി. തിരുവഞ്ചൂരിന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നായിരുന്നു ധനമന്ത്രിയുടെ ആവശ്യം. ഇതിന് പിന്നാലെ പുട്ടടിച്ചു എന്നതിന് പകരം കാപ്പി കുടിച്ചു എന്ന് പറയാമെന്നായി തിരുവഞ്ചൂര്‍. തിരുവഞ്ചൂരിന്റെ രണ്ട് പരാമര്‍ശങ്ങളും സഭാരേഖകളില്‍ ഉണ്ടാകില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വ്യക്തമാക്കി.

ഇതിന് പിന്നാലെ ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരെയായി തിരുവഞ്ചൂരിന്റെ പുട്ട് പ്രയോഗം. പൊട്ടന്‍ പുട്ടു വിഴുങ്ങിയത് പോലെ ആകരുതെന്നായിരുന്നു തിരുവഞ്ചൂരിന്റെ പരാമര്‍ശം. ഇതോടെ തിരുവഞ്ചൂരിനെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് രംഗത്തെത്തി. ചെയറിനെതിരായ പരാമര്‍ശം പിന്‍വലിച്ച് തിരുവഞ്ചൂര്‍ മാപ്പ് പറയണമെന്നായിരുന്നു എം ബി രാജേഷിന്റെ ആവശ്യം. അവിടെയും തിരുവഞ്ചൂര്‍ വഴങ്ങാന്‍ തയ്യാറായില്ല. പരാമര്‍ശം സഭ്യേതരം ആണെന്ന് തനിക്ക് കൂടി ബോധ്യപ്പെട്ടാന്‍ പിന്‍വലിക്കാം എന്നായിരുന്നു തിരുവഞ്ചൂരിന്റെ നിലപാട്. പിന്നീട് സഭാ ടിവിയില്‍ നിന്നും ഈ ഭാഗം നീക്കം ചെയ്തു. ബജറ്റ് ചര്‍ച്ചക്കിടെയായിരുന്നു തിരുവഞ്ചൂരിന്റെ പരാമര്‍ശങ്ങള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com