പിഎസ്എൽവി സി 62 വിക്ഷേപണം ജനുവരി 12ന്; ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ISRO

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് രാവിലെ 10.17ന് പിഎസ്എൽവി -സി 62 കുതിച്ചുയരും

പിഎസ്എൽവി സി 62 വിക്ഷേപണം ജനുവരി 12ന്; ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ISRO
dot image

ന്യൂഡൽഹി: ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷ(ഐഎസ്ആർഒ)ന്റെ പിഎസ്എൽവി -സി 62 വിന്റെ വിക്ഷേപണം ജനുവരി 12ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10.17ന് പിഎസ്എൽവി -സി 62 കുതിച്ചുയരും.

പിഎസ്എൽവിയുടെ 64ാം വിക്ഷേപണമാണിത്. രണ്ട് സ്ട്രാപ്പ് - ഓൺ ബൂസ്റ്ററുകളുള്ള പിഎസ്എൽവി ഡിഎൽ വേരിയന്റ് ഉപയോഗിക്കുന്ന അഞ്ചാമത്തെ വിക്ഷേപണവുമായിരിക്കുമിത്. കഴിഞ്ഞ വർഷം പിഎസ്എൽവി സി 61 വിക്ഷേപണത്തിൽ നേരിട്ട പരാജയത്തിന് ശേഷമുള്ള പിഎസ്എൽവി(പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ)യുടെ ആദ്യ വിക്ഷേപണമാണിത്. ചന്ദ്രയാൻ, മംഗൾയാൻ തുടങ്ങിയ ഇന്ത്യയുടെ അഭിമാന നേട്ടങ്ങളിൽ ഉപയോഗിച്ച പിഎസ്എൽവി ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമാണ്.

കൃഷി, നഗരാസൂത്രണം, പരിസ്ഥിതി നിരീക്ഷണം എന്നിവയിലുടനീളം വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഇഒഎസ് എൻ 1 (അന്വേഷ)യാണ് പ്രധാന പേലോഡ്. കൂടാതെ 18ലധികം ഉപ ഉപഗ്രഹങ്ങളും വിക്ഷേപണത്തിന്റെ ഭാഗമാകും. ഇവ വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലെത്തിക്കും. അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി ഇൻഡോ- മൗറീഷ്യസ് സംയുക്ത ഉപഗ്രഹവും ദൗത്യത്തിൽ ഉൾപ്പെടും. ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണമാണിത്. കൂടാതെ 101ാമത് ഓർബിറ്റൽ വിക്ഷേപണമാണിതെന്ന പ്രത്യേകതയുമുണ്ട്.

Content Highlights:‌ ISRO kick off 2026 with PSLV C 62 launch on january 12

dot image
To advertise here,contact us
dot image