

മലയാള സിനിമയ്ക്ക് നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ലെന. വർഷങ്ങളായി ആത്മീയ പാത കൂടി പിന്തുടരുന്ന ലെന ജീവിതത്തോടുള്ള തന്‍റെ കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചകളും വ്യക്തമാക്കുന്ന The Autobiography of God എന്ന പുസ്തകം എഴുതിയിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചില വിഷയങ്ങളോടുള്ള നടിയുടെ തുറന്ന് പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇതിനിടയിലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണനാണ് നടിയുടെ പങ്കാളി.
ലെന പ്രശാന്തിനൊപ്പം അമേരിക്കയിലാണ് എന്ന വാര്‍ത്തകള്‍ ഒരിടയ്ക്ക് വന്നിരുന്നു. പിന്നാലെ നടി അമേരിക്കയില്‍ സെറ്റില്‍ഡ് ആയി എന്നും, അഭിനയം ഉപേക്ഷിച്ചു എന്ന തരത്തിലും ഗോസിപ്പുകളും വന്നു. എന്നാൽ ഇപ്പോഴിതാ സംശയങ്ങൾക്ക് എല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. താൻ ഇന്ത്യയിലേക്ക് മടങ്ങി എത്തിയെന്നും തന്റെ വലതു വശത്തെ കള്ളൻ റിലീസിനൊരുങ്ങുകയായെന്നും നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച് പറഞ്ഞു.
'അടുത്തിടെ ഞാൻ ശ്രദ്ധിച്ചതാണ്—ഞാൻ അമേരിക്കയിലേക്ക് താമസം മാറിയതാണോ, അഭിനയത്തിൽ നിന്ന് വിട്ടുനിന്നതാണോ എന്ന കാര്യത്തിൽ എന്റെ സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപാട് ആശയക്കുഴപ്പം ഉണ്ടെന്ന്. ഈ പോസ്റ്റിലൂടെ അറിയിക്കാനാഗ്രഹിക്കുന്നത്, ഞാൻ ഇപ്പോൾ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തി കൊച്ചിയിൽ താമസിക്കുന്നുവെന്നതാണ്. അഭിനയത്തിലേക്കും ഞാൻ തിരിച്ചെത്തിയിട്ടുണ്ട്. എന്റെ കം-ബാക്ക് ചിത്രം “വലതു വശത്തെ കള്ളൻ” സംവിധാനം ചെയ്ത ജീത്തു ജോസഫിന് ഹൃദയം നിറഞ്ഞ നന്ദി. ഈ ചിത്രം ജനുവരി 30-ന് റിലീസ് ചെയ്യും. നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി,' ലെന പറഞ്ഞു.
ജീത്തു ജോസഫ് സംവിധാനത്തിൽ എത്തുന്ന പുതിയ ചിത്രമാണ് വലതു വശത്തെ കള്ളൻ. ബിജു മേനോൻ, ജോജു ജോർജ് എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നത്. ജനുവരി 30 ന് സിനിമ തിയേറ്ററുകളിൽ എത്തും. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയവരുടെ ബാനറുകളിൽ ഷാജി നടേശൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ജീത്തു ജോസഫിൻ്റെ മറ്റ് സിനിമകളെപ്പോലെ തന്നെ ദുരൂഹതകളും ട്വിസ്റ്റുകളും നിറഞ്ഞതായിരിക്കും ഇറങ്ങാനിരിക്കുന്ന വലതു വശത്തെ കള്ളനെന്നും സൂചനകളുണ്ട്.
Content Highlights: Actress Lena responded to rumours suggesting that she had quit acting, left Kerala, or settled in the United States.