കോൺഗ്രസിന് സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടത് രണ്ട് മണ്ഡലങ്ങളിൽ മാത്രം; കണ്ണൂരും ആലപ്പുഴയും കീറാമുട്ടിയോ?

കണ്ണൂരിൽ കെ സുധാകരൻ്റെ നിലപാട് നിർണായകം. ആലപ്പുഴയിൽ അവസാനവാക്ക് കെ സി വേണുഗോപാലിൻ്റേത്
കോൺഗ്രസിന് സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടത് രണ്ട് മണ്ഡലങ്ങളിൽ മാത്രം; കണ്ണൂരും ആലപ്പുഴയും കീറാമുട്ടിയോ?

കൊച്ചി: കണ്ണൂരിൽ ഒഴികെ സിറ്റിങ്ങ് എം പിമാർ മത്സരിക്കണമെന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയുടെ ധാരണയ്ക്ക് പിന്നാലെ കോൺഗ്രസിന് വെല്ലുവിളിയാകുക കണ്ണൂർ ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയം. മത്സരിക്കില്ലെന്ന തീരുമാനത്തിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ഉറച്ചു നിന്നതോടെയാണ് കണ്ണൂരിൽ പുതിയ സ്ഥാനാർത്ഥിയെ തേടാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. 2019ൽ പരാജയപ്പെട്ട ആലപ്പുഴയിലും കോൺഗ്രസിന് സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതുണ്ട്. കെപിസിസി ജനറൽ സെക്രട്ടറിയായ കെ ജയന്തിനെ കണ്ണൂരിൽ മത്സരിപ്പിക്കണമെന്ന ആവശ്യത്തിൽ കെ സുധാകരൻ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. മത്സരിക്കാത്ത സാഹചര്യത്തിൽ കണ്ണൂരിലെ സ്ഥാനാർത്ഥിയെ നിർണ്ണയിക്കാനുള്ള അവകാശവാദത്തിൽ സുധാകരൻ ഉറച്ചുനിന്നാൽ കെ ജയന്തിൻ്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് നേതൃത്വത്തിന് അംഗീകരിക്കേണ്ടി വരും.

കോഴിക്കോടുകാരനായ ജയന്തിന് സിപിഐഎമ്മിന് കരുത്തുള്ള കണ്ണൂരിൽ സാന്നിധ്യം അറിയിക്കാൻ പോലും കഴിയില്ലെന്നാണ് ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. സുധാകരൻ മാറി നിൽക്കുന്ന സാഹചര്യത്തിൽ കെ സി വേണുഗോപാലിനെപ്പോലുള്ള മുതിർന്ന നേതാക്കൾ കണ്ണൂരിൽ മത്സരിക്കാനിറങ്ങണമെന്നാണ് ഈ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. യുവനേതാക്കളായ റിജിൽ മാക്കുറ്റിയും അമൃത രാധാകൃഷ്ണണൻ്റെ പേരും കണ്ണൂരിൽ ഉയർന്ന് കേൾക്കുന്നുണ്ട്. ഇതിനിടെ സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ കണ്ണൂർ സീറ്റ് വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂർ നിയമസഭാ മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് ശക്തമായ സാന്നിധ്യമാണ്. കണ്ണൂരിന് വേണ്ടി ലീഗ് ഉറച്ച് നിന്നാൽ സമവായമെന്ന നിലയിൽ മുസ്ലിം ലീഗിന് കൂടി താൽപ്പര്യമുള്ള ഒരു സ്ഥാനാർത്ഥിയെ കോൺഗ്രസിന് തീരുമാനിക്കേണ്ടി വരും. മുസ്ലിം വിഭാഗത്തിൽ നിന്നും ഒരു സ്ഥാനാർത്ഥിയെന്ന സാധ്യതയും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. ദേശീയ നേതൃത്വത്തിൽ പിടിപാടുള്ള ഷമ മുഹമ്മദ്, യുവനേതാവ് വി പി അബ്ദുൾ റഷീദ് എന്നിവരുടെ പേരുകളും ഈ നിലയിൽ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്.

2019ലെ തിരഞ്ഞെടുപ്പിൽ ചുണ്ടിനും കപ്പിനുമിടയിൽ കോൺഗ്രസിന് നഷ്ടമായ ആലപ്പുഴയിലും പുതിയ സ്ഥാനാർത്ഥിയെ നിർത്താനാണ് കോൺഗ്രസിൽ ധാരണ. 2019ൽ ആലപ്പുഴയിൽ പരാജയപ്പെട്ടതിന് പിന്നാലെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരൂരിൽ നിന്നും പരാജയപ്പെട്ടതാണ് കഴിഞ്ഞ തവണ മത്സരിച്ച ഷാനി മോൾ ഉസ്മാന് തിരിച്ചടിയാകുന്നത്. രാജ്യസഭാ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാലിനെ പരോക്ഷമായി വിമർശിച്ച് ഷാനി മോൾ നേരത്തെ രംഗത്ത് വന്നിരുന്നു. ഇതും ഷാനി മോൾക്ക് എതിരായ ഘടകമാണ്. ആലപ്പുഴയിലെ സ്ഥാനാർത്ഥിയെ പരിഗണിക്കുമ്പോൾ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ കെ സി വേണുഗോപാലിൻ്റെ താൽപ്പര്യം പരിഗണിക്കുമെന്ന് വ്യക്തമാണ്.

ആലപ്പുഴയിൽ നിന്ന് ഈഴവസ്ഥാനാർത്ഥിയെ മത്സരരംഗത്ത് ഇറക്കണമെന്ന ആവശ്യം ശക്തമാണ്. സാമുദായിക സൂത്രവാക്യങ്ങൾ പരിഗണിക്കുമ്പോൾ ആലപ്പുഴയിൽ ഈഴവ സ്ഥാനാർത്ഥിയ്ക്ക് വിജയസാധ്യതയുണ്ടെന്നാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കളുടെ നിലപാട്. ഈഴവ വനിതാ സ്ഥാനാർത്ഥിയെന്ന ആവശ്യവും ഉയരുന്നുണ്ട്. 2019ൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിപട്ടികയിൽ രണ്ട് വനിതാ സ്ഥാനാർത്ഥികൾ ഇടംപിടിച്ചിരുന്നു. ഇതിൽ ആലപ്പുഴയിൽ മത്സരിച്ച ഷാനി മോൾ ഉസ്മാൻ പരാജയപ്പെട്ടിരുന്നു.

കോൺഗ്രസ് വനിതാ സംവരണ ബില്ലിൻ്റെ ചാമ്പ്യൻപട്ടം അവകാശപ്പെടുന്ന സാഹചര്യത്തിൽ 2019ലെ പരിഗണനയെങ്കിലും വനിതാ സ്ഥാനാർത്ഥികൾക്ക് നർകേണ്ടതുണ്ടെന്ന സമ്മർദ്ദം നേതൃത്വത്തിന് മേലുണ്ട്. സ്വഭാവികമായും ആലപ്പുഴ മാത്രമാണ് നേതൃത്വത്തിന് മുന്നിലുള്ള ഓപ്ഷൻ. വനിതാ ഈഴവ എന്ന വാദത്തിന് മുൻതൂക്കം ലഭിച്ചാൽ ബിന്ദു കൃഷ്ണയുടെ പേരിന് ആലപ്പുഴയിൽ മുൻതൂക്ക് കിട്ടിയേക്കാം. മുസ്ലിം സ്ഥാനാർത്ഥിയെന്ന വാദത്തിനാണ് മുൻതൂക്കമെങ്കിൽ ഷമ മുഹമ്മദ് ആലുപ്പുഴയിലും പരിഗണിക്കപ്പെട്ടേക്കാം. 2019ൽ ആരിഫിനെ വിറപ്പിച്ച ഷാനി മോൾ ഉസ്മാനെ പരിഗണിക്കണമെന്ന ആവശ്യം ഒരുവിഭാഗത്തിനുണ്ട്. തർക്കം മുറുകുന്ന സാഹചര്യത്തിൽ സമവായ സ്ഥാനാർത്ഥിയായി എന്ന നിലയിൽ എം ലിജുവിൻ്റെ പേരും ഉയർന്നുവരുന്നുണ്ട്. സാമുദായിക സമവാക്യങ്ങൾ പാലിക്കാൻ ആലപ്പുഴയിൽ മുസ്ലിം സ്ഥാനാർത്ഥി എന്ന തീരുമാനത്തിന് മുൻഗണന ലഭിച്ചാൽ എ എ ഷുക്കൂറിൻ്റെ പേരും പരിഗണിക്കപ്പെട്ടേക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com