ഫെഡറിലിസം സംരക്ഷിക്കണം; കേന്ദ്രത്തിന് എതിരായ കേരളത്തിൻ്റെ ഡല്‍ഹി പ്രതിഷേധം ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ മന്ത്രിമാരും എംഎല്‍എംപിമാരും എംപിമാരും പങ്കെടുക്കുന്നുണ്ട്
ഫെഡറിലിസം സംരക്ഷിക്കണം; കേന്ദ്രത്തിന് എതിരായ കേരളത്തിൻ്റെ ഡല്‍ഹി പ്രതിഷേധം ആരംഭിച്ചു

ഡല്‍ഹി: കേന്ദ്രത്തിന് എതിരായ കേരളത്തിൻ്റെ ഡല്‍ഹി പ്രതിഷേധത്തിന് ജന്തര്‍മന്തറില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ മന്ത്രിമാരും എംഎല്‍എംപിമാരും എംപിമാരും പങ്കെടുക്കുന്നുണ്ട്. ഇന്‍ഡ്യ സഖ്യത്തിലെ നേതാക്കളും പ്രതിഷേധത്തിൻ്റെ ഭാഗമാകും.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, തമിഴ്‌നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള എന്നിവർ സമരവേദിയില്‍ സന്നിഹിതരാണ്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇരുവരും സമരവേദിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജന്തര്‍ മന്തറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമരം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഫെഡറൽ ഘടങ്ങൾ തകർക്കുവാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും അവകാശ ലംഘനത്തിന് എതിരായ പുതിയ സമരമാണിതെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള തുകയുടെ കണക്ക് നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

വി എസ് സർക്കാരിന്റെ കാലത്താണ് അവസാനമായി ഡല്‍ഹിയില്‍ കേരളം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ നടത്തുന്ന ഇന്നത്തെ സമരം രാജ്യവ്യാപകമായി ചർച്ചയാക്കാനാണ് കേരളത്തിൻ്റെ നീക്കം. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്നാണ് കേരളത്തിന്‍റെ ആരോപണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com