
പാലക്കാട്: മലമ്പുഴ കൂര്മ്പാച്ചിമലയില് കുടുങ്ങിയതിനെത്തുടർന്ന് വാര്ത്തയില് ഇടംപിടിച്ച ബാബുവിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. കാനിക്കുളത്തെ ബന്ധുവീട്ടില് അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി. വീട്ടുകാർ നൽകിയ പരാതിയെ തുടര്ന്നാണ് പൊലീസ് ബാബുവിനെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പോളിടെക്നിക്ക് കോളേജിന് സമീപമുള്ള ബന്ധുവീട്ടിലെത്തി ബാബു ബഹളമുണ്ടാക്കിയത്. വീടിന്റെ വാതില് ചവിട്ടിത്തുറന്ന് അകത്തേക്ക് കയറിയ ബാബു സാധനങ്ങള് വലിച്ചുവാരിയിടുകയും ഗൃഹോപകരണങ്ങള് തകരാറിലാക്കുകയും ചെയ്തു. ജനല്ച്ചില്ലുകള് തകര്ക്കുകയും ഗ്യാസ് സിലിണ്ടര് തുറന്നിടുകയും ചെയ്തു. വീട്ടുകാര് പോലീസില് പരാതി നല്കിയതിനെ തുടര്ന്ന് കസബാ പോലീസാണ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രശ്നത്തിന് കാരണമെന്താണെന്നത് വ്യക്തമല്ല.
'ലഭിക്കാനെളുപ്പം,പാർശ്വഫലങ്ങൾ ഗുരുതരമായേക്കാം'; വേദനസംഹാരിയെക്കുറിച്ച് മുന്നറിയിപ്പുമായി സർക്കാർ2022 ഫെബ്രുവരിയിലാണ് ബാബു കൂര്മ്പാച്ചിമലയിടുക്കില് കുടുങ്ങിയത്. മലകയറി തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില് കുടുങ്ങിപ്പോകുകയായിരുന്നു. തുടര്ന്ന് സൈന്യം, എന് ഡി ആര് എഫ്, കേരള ഫയര് ആന്ഡ് റെസ്ക്യു, കോസ്റ്റ് ഗാര്ഡ്, വ്യോമസേന തുടങ്ങി നിരവധി ഏജന്സികള് ഒന്നിച്ചു നടത്തിയ രക്ഷാപ്രവര്ത്തനത്തിലൂടെയാണ് 45 മണിക്കൂറിനൊടുവിൽ ബാബുവിനെ രക്ഷപ്പെടുത്തിയത്. സംരക്ഷിത വനപ്രദേശത്തിന്റെ ഭാഗമായ മലയില് കയറിയതിന് അന്ന് ബാബുവിനെതിരെ കേസെടുത്തിരുന്നു.