
കൊച്ചി: ലൈംഗിക അതിക്രമ കേസില് പ്രതിയായ ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ പി ജി മനുവിൻ്റെ കയ്യില് നിന്ന് രാജി എഴുതി വാങ്ങി. രാജിക്കത്ത് അഡ്വക്കേറ്റ് ജനറൽ നിയമ സെക്രട്ടറിക്ക് കൈമാറും. അഡ്വക്കേറ്റ് പി ജി മനുവിനെതിരെ യുവതിയുടെ പരാതിയില് ചോറ്റാനിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പീഡന വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെട്ടു. 2018 ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്.
നിയമസഹായം നൽകാൻ എന്ന പേരിൽ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചെന്നാണ് പരാതി. മാനസികമായി തകർന്ന പെൺകുട്ടി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞില്ലെന്ന് അഭിഭാഷക പറയുന്നു. പിന്നീട് കഴിഞ്ഞ ഒക്ടോബർ 9നും 10നും പീഡനം നടന്നുവെന്നും യുവതി ആലുവ റൂറൽ എസ് പി ക്ക് പരാതി നൽകി.
ബലമായി പീഡിപ്പിച്ചശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും യുവതി പൊലീസിന് മൊഴി നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഐടി ആക്ട് അടക്കമുള്ള വകുപ്പുകളും ചുമത്തിയാണ് കേസടുത്തത്. ഇന്നലെ പെൺകുട്ടിയുടെ വീട്ടിൽ വിളിച്ചു മനു പൊലീസിൽ പരാതിപ്പെടരുതെന്ന് സമ്മർദം ചെലുത്തിയെന്നും പിന്നീട് രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായും യുവതിയുടെ അഭിഭാഷക പറഞ്ഞു.