'ആ മോഹം ലീഗിനുമില്ല, ഞങ്ങൾക്കുമില്ല';ലീഗ് എൽഡിഎഫിന്റെ ഭാഗമാകുമെന്നത് മാധ്യമസൃഷ്ടിയെന്ന് മുഖ്യമന്ത്രി

ലീഗിനെക്കുറിച്ച് ചില മാധ്യമങ്ങൾക്ക് ചില ഉത്കണ്ഠയുണ്ട്. അത് യഥാർത്ഥത്തിൽ യുഡിഎഫിനെക്കുറിച്ചാണ്

dot image

മലപ്പുറം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് എൽഡിഎഫിന്റെ ഭാഗമായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മുഖ്യമന്ത്രി. ലീഗിനെക്കുറിച്ച് ചില മാധ്യമങ്ങൾക്ക് ചില ഉത്കണ്ഠയുണ്ട്. അത് യഥാർത്ഥത്തിൽ യുഡിഎഫിനെക്കുറിച്ചാണ്. ലീഗ് പോയാൽ അവരുടെ അവസ്ഥ എന്താകുമെന്ന് പരിതപിക്കുന്ന ചിലരുണ്ട്. അവരാണ് അത്തരത്തിൽ പറയുന്നത്. ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ല. ലീഗിന് ഇങ്ങോട്ട് വരാനും മോഹമില്ല, അവർ ഇങ്ങോട്ട് വരണമെന്ന മോഹം എൽഡിഎഫിനുമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. റിപ്പോർട്ടർ ടിവി കണ്സള്ട്ടിങ് എഡിറ്റർ ഡോ. അരുൺ കുമാറുമായുളള പ്രത്യേക അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'നിർമ്മല സീതാരാമന്റേത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട്'; മുഖ്യമന്ത്രി

യുഡിഎഫിൽ ലീഗിനെ ഒറ്റതിരിച്ച് കാണേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ യുഡിഎഫിന്റെ നിലപാട് ഇപ്പോൾ യുഡിഎഫ് അല്ല സ്വീകരിക്കുന്നത് എന്ന നിലയാണുള്ളത്. കോൺഗ്രസ് ഒരു നിലപാട് സ്വീകരിക്കുന്നു. ആ നിലപാടിനൊപ്പം യുഡിഎഫിലെ മറ്റ് പാർട്ടികൾ ചേരുന്നു. ഇത് ഒരു മുന്നണി സംവിധാനത്തിന് ചേരുന്ന നിലപാടല്ല. യുഡിഎഫിന്റെ പൊതുനിലപാടിൽ നിന്ന് ലീഗിന് വ്യത്യസ്തമായ നിലപാടുണ്ടെന്ന് കരുതുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുമായി നവകേരള സദസ്സിനെ താരതമ്യം ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി, അത് വേറെ പരിപാടിയാണ്. അതും ഇതും തമ്മിൽ ഒരു താരതമ്യവുമില്ല. അത് കേവലം ഉദ്യോഗസ്ഥ തലത്തിൽ നടത്തേണ്ട പരിപാടി മുഖ്യമന്ത്രി കൂടി നടത്തിയെന്ന് മാത്രം. ഇത് ഓരോ മണ്ഡലത്തിലെയും ജനങ്ങൾ എത്തുന്ന പരിപാടിയാണ്. ഉമ്മൻ ചാണ്ടിയുടെ പരിപാടിയുമായുള്ള താരതമ്യം മറ്റൊന്നും പറയാൻ സാധിക്കാത്തത് കൊണ്ടാണ്. പ്രതിപക്ഷത്തിന്റെ നവകേരള സദസ്സ് ബഹിഷ്ക്കരണത്തെയും അദ്ദേഹം വിമർശിച്ചു. നവകേരള സദസ്സ് എന്തിന് ബഹിഷ്കരിച്ചു. നാടിന്റെ മുന്നിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് ശ്രമിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image