കേരള വര്മ്മ കോളേജ് യൂണിയന് തെരഞ്ഞെടുപ്പ്: എസ്എഫ്ഐ സ്ഥാനാര്ത്ഥിയുടെ വിജയം റദ്ദാക്കി ഹൈക്കോടതി

വോട്ടെണ്ണലില് കൃത്രിമം നടത്തിയാണ് എസ്എഫ്ഐയുടെ ചെയര്മാന് സ്ഥാനാര്ത്ഥി വിജയിച്ചതെന്നായിരുന്നു കെ എസ് യുവിന്റെ ആക്ഷേപം

dot image

തൃശൂര്: കേരള വര്മ്മ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില് ചെയർമാൻ സ്ഥാനത്തേക്കുള്ള എസ്എഫ്ഐ സ്ഥാനാര്ത്ഥിയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. ചെയര്മാന് സ്ഥാനത്തേക്ക് വീണ്ടും വോട്ടെണ്ണല് നടത്തണമെന്നും ഹൈക്കോടതി നിര്ദ്ദേശിച്ചു. റീ കൗണ്ടിംഗ് നടത്തി ഫലം പ്രഖ്യാപിക്കണമെന്ന് റിട്ടേണിംഗ് ഓഫീസര്ക്കും കോളേജ് പ്രിന്സിപ്പലിനുമാണ് സിംഗിള് ബെഞ്ച് നിര്ദ്ദേശം നല്കിയത്. കെ എസ് യു ചെയര്മാന് സ്ഥാനാര്ത്ഥി എസ് ശ്രീക്കുട്ടന് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതി വിധി. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന കെഎസ് യുവിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസ് ടിആര് രവി അധ്യക്ഷനായ സിംഗിള് ബെഞ്ചിന്റേതാണ് നിര്ദ്ദേശം. വോട്ടെണ്ണലില് കൃത്രിമം നടത്തിയാണ് എസ്എഫ്ഐയുടെ ചെയര്മാന് സ്ഥാനാര്ത്ഥി വിജയിച്ചതെന്നായിരുന്നു കെ എസ് യുവിന്റെ ആക്ഷേപം.

കേരള വർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൻ്റെ നടപടിക്രമങ്ങളിൽ അപാകതയുണ്ടെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എല്ലാ സീറ്റിലേക്കും കൂടി ഒറ്റ ബാലറ്റ് പേപ്പർ എന്ന രീതി തെറ്റാണ്. നിയമം കൃത്യമായി പാലിച്ചിരുന്നു എങ്കിൽ തർക്കം ഉണ്ടാകുമായിരുന്നില്ല. റിട്ടേണിംഗ് ഓഫീസർ ഒറിജിനൽ രേഖകളിൽ ഒപ്പുവെച്ചിട്ടില്ല. അസാധു വോട്ട് മാറ്റി വെക്കാതെ വീണ്ടും എണ്ണിയത് തെറ്റാണ്. ഇത് റിട്ടേണിംഗ് ഓഫീസർ കോടതി മുൻപാകെ സമ്മതിച്ചു. ആരാണ് കൗണ്ടിംഗ് ഓഫീസർമാരെ തീരുമാനിച്ചതെന്നും എന്തായിരുന്നു മാനദണ്ഡമെന്നും നേരത്തെ കേസ് പരിഗണിക്കവെ സിംഗിൾ ബെഞ്ച് ചോദിച്ചിരുന്നു.

കേരളവർമ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചെന്നാരോപിച്ചാണ് കെഎസ്യു നിയമനടപടിയുമായി മുന്നോട്ട് പോയത്. ഒരു വോട്ടിന് കെഎസ്യു സ്ഥാനാർഥി എസ് ശ്രീക്കുട്ടൻ ജയിച്ച ശേഷം റീ കൗണ്ടിങ്ങിന്റെ പേരിൽ അട്ടിമറി നടത്തിയെന്നായിരുന്നു ആക്ഷേപം. തുല്യ വോട്ടുകൾ വന്നപ്പോൾ റീ കൗണ്ടിങ് നടത്തിയെന്നും 11 വോട്ടിന് ജയിച്ചെന്നുമാണ് എസ്എഫ്ഐ വാദം. 11 വോട്ടിന് ചെയർമാൻ സ്ഥാനാർഥി കെഎസ് അനിരുദ്ധൻ ജയിച്ചതായും എസ്എഫ്ഐ പറഞ്ഞു.

എസ്എഫ്ഐ പ്രവർത്തകർ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്യു തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ക്യാമ്പസിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. 32 വര്ഷത്തിന് ശേഷമാണ് ജനറല് സീറ്റില് ആദ്യ ഘട്ടത്തില് കെഎസ്യു വിജയിച്ചത്. ക്യാമ്പസിലെ സംഘർഷ സാധ്യത മുൻനിർത്തി എസിപിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയിരുന്നു. രാത്രി ഏറെ വൈകിയാണ് കൗണ്ടിങ് അവസാനിച്ചത്. തിരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെങ്കിലും റിട്ടേണിംഗ് ഓഫീസർ അതിന് തയ്യാറായിരുന്നില്ല. കൗണ്ടിങ് ടേബിളിലെ അധ്യാപകരെ എസ്എഫ്ഐ ഭീഷണിപ്പെടുത്തിയതായും കെഎസ്യു ആരോപിച്ചിരുന്നു.

dot image
To advertise here,contact us
dot image