ഹൃദയം തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് പറന്നു; സെൽവന്റെ ജീവൻ പലർക്കും ജീവിതമാകുമ്പോൾ

കേരളം മുഴുവൻ കൈകോർത്തപ്പോൾ ഞൊടിയിടയിൽ എല്ലാം സാധ്യമായി. രണ്ടര മിനിറ്റുകൊണ്ടാണ് ആറ് കിലോമീറ്റർ ദൂരം പിന്നിട്ട് ഹൃദയവുമായി ആംബുലൻസ് ലിസി ആശുപത്രിയിലെത്തിയത്. വാഹനഗതാഗതം നിയന്ത്രിച്ച് പൊലീസ് നേരത്തെ മുന്നൊരുക്കങ്ങള് നടത്തിയിരുന്നു.

dot image

കൊച്ചി: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ച സെൽവൻ ശേഖറിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചതോടെ പിന്നെയെല്ലാം ദ്രുതഗതിയിലായിരുന്നു. മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത രോഗികളിൽ ആർക്കൊക്കെയാണ് അവയവം വേണ്ടതെന്നുള്ള തീരുമാനം വേഗത്തിൽ എത്തി. ഹെലികോപ്റ്ററും കൂടി എത്തിയതോടെ എല്ലാം വളരെ വേഗത്തിലായി.

ഹൃദയം ഉൾപ്പടെ ആറ് അവയവങ്ങൾ. അതെടുക്കാൻ എല്ലാ മേഖലയിലും വിദഗ്ധരായ ഡോക്ടർമാർ. കൊച്ചിയിൽ നിന്ന് ഹൃദയമെടുക്കാൻ എത്തിയത് ഡോക്ടർ ജേക്കബ് എബ്രഹാമും ഡോക്ടർ ജീവേഷ് തോമസും. മണിക്കൂറുകൾക്കുള്ളിൽ അവയവങ്ങൾ എടുക്കുന്നു. പ്രത്യേക ബോക്സുകളിൽ ആക്കി നേരെ ആംബുലൻസിലേക്ക്. മിടിക്കുന്ന ഹൃദയത്തിന്റെ അതേ വേഗതയിൽ ആംബുലൻസ് ഡ്രൈവർ വണ്ടിയെടുക്കുന്നു. കേരള പൊലീസ് വഴിയൊരുക്കി. ആംബുലൻസ് മിനിറ്റുകൾ കൊണ്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി.

ഹരിനാരായണന് വേണ്ടി ഹൃദയം കൊച്ചിയിലെത്തി; ലിസി ആശുപത്രിയില് ശസ്ത്രക്രിയ

മറ്റൊരു വിമാനം ലാൻഡ് ചെയ്യാൻ എടുത്ത സമയം മാത്രം. അതോടെ ഹെലികോപ്റ്റർ പറന്നുയർന്നു. അരമണിക്കൂറിൽ ഹെലികോപ്റ്റർ കൊച്ചിയിലെത്തി. മിടിക്കുന്ന ഹൃദയവും വൃക്കയും പാൻക്രിയാസും അർഹിക്കുന്നവരിലേക്ക്. കേരളം മുഴുവൻ കൈകോർത്തപ്പോൾ ഞൊടിയിടയിൽ എല്ലാം സാധ്യമായി. രണ്ടര മിനിറ്റുകൊണ്ടാണ് ആറ് കിലോമീറ്റർ ദൂരം പിന്നിട്ട് ഹൃദയവുമായി ആംബുലൻസ് ലിസി ആശുപത്രിയിലെത്തിയത്. വാഹനഗതാഗതം നിയന്ത്രിച്ച് പൊലീസ് നേരത്തെ മുന്നൊരുക്കങ്ങള് നടത്തിയിരുന്നു. 11.12ന് ഇറങ്ങിയ ഹെലികോപ്റ്ററിൽനിന്ന് മൂന്ന് മിനിറ്റോളം എടുത്തു ഹെലിപാഡിനടുത്ത് കിടക്കുന്ന ആംബുലൻസിലേക്ക് ഹൃദയം മാറ്റാൻ. എന്നാൽ അത്രസമയം വേണ്ടിവന്നില്ല 6 കിലോമീറ്ററുകള് താണ്ടി ആശുപത്രിയിലെത്തിക്കാൻ.

ജീവന്റെ വിലയുള്ള ദൗത്യത്തിന് കൈമെയ്യ് മറന്ന് പൊലീസിനോട് നാട്ടുകാർ സഹകരിച്ചു. വളവുകളും തിരിവുകളുമുള്ള വഴി നന്മയുടെ പാഠങ്ങള്ക്കായി നിവർന്നപ്പോള് കൃത്യം 11.18ഓടെ ലിസിയിൽ ഹൃദയമിടിപ്പെത്തി. ഉടൻ ഹൃദയശസ്ത്രക്രിയ ആരംഭിച്ചു. അതേസമയം തന്നെ സെൽവന്റെ പാൻക്രിയാസുമായി രണ്ടാമത്തെ ആംബുലൻസ് ആസ്റ്റർ ആശുപത്രിയിലേക്കും പാഞ്ഞെത്തിയിരുന്നു.

ഹൃദയം മാറ്റിവയ്ക്കൽ ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയകളിൽ ഒന്നാണ്. ഇന്ന് എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ച ഹൃദയം അഞ്ച് മണിക്കൂർ നീണ്ടു നിൽക്കുന്ന ശസ്ത്രക്രിയയിലൂടെയാണ് ഹരി നാരായണനിൽ തുന്നിച്ചേർക്കുക. ഹൃദയമെത്തുമ്പോൾ ഡോ ജോസ് ചാക്കോ പെരിയപുറത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയ്ക്കുള്ള എല്ലാ സംവിധാനവും ഒരുക്കി കാത്തു നിൽക്കുകയായിരുന്നു. ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഹരിനാരായണന്റെ ഹൃദയത്തിന്റെ പ്രവർത്തനം പൂർണമായും ഹാർട്ട് - ലംഗ് മെഷീനിലേക്ക് മാറ്റിയിരുന്നു. ഒപ്പം വെന്റിലേറ്ററിന്റെ സഹായവും.

പരാജയപ്പെട്ട ഹൃദയം രോഗിയിൽ നിന്ന് മുറിച്ചു മാറ്റുന്ന പ്രക്രിയയാണ് പിന്നെ . മഹാധമനി ഉൾപ്പെടെ ഒന്നിനും ക്ഷതം സംഭവിക്കാതെ നടത്തുന്ന വളരെ സങ്കീർണമായ പ്രക്രിയ. അതിന് ശേഷം ദാതാവിന്റെ ഹൃദയം വച്ചു പിടിപ്പിക്കുന്നു. മറ്റ് സങ്കീർണതകൾ ഒന്നുമില്ലെങ്കിൽ അഞ്ചു മുതൽ ആറ് വരെ മണിക്കൂറുകളാണ് ഇതിനായി വേണ്ടിവരിക.

സെൽവന്റെ ഹൃദയം ഹരിനാരായണനിൽ സ്പന്ദിച്ചു തുടങ്ങിയാൽ ശസ്ത്രക്രിയ വിജയിച്ചു എന്നർത്ഥം. പിന്നെ സാവധാനം ഹൃദയത്തിന്റെ പ്രവർത്തനം മെഷീൻ വിമുക്തമാക്കും. പുതിയ ഹൃദയം സാധാരണ നിലയിൽ പ്രവർത്തിച്ച് പമ്പിംഗ് കൃത്യമായി നടക്കുന്നതോടെ ഹരിനാരായണനെ പോസ്റ്റ് ഓപ്പറേഷൻ റൂമിലേക്ക് മാറ്റും. എങ്കിലും 24 മണിക്കൂർ വെന്റിലേറ്റർ സഹായം തുടരും. വെന്റിലേറ്റർ നീക്കിയാൽ ദ്രാവക രൂപത്തിലുള്ള ഭക്ഷണം നൽകി തുടങ്ങും.

ഒരാഴ്ച ഐസൊലേറ്റഡ് ഐ സി യു വിൽ കഴിണം. പിന്നെയും മൂന്നാഴ്ച നിരീക്ഷണത്തിലായിരിക്കും. മറ്റ് സങ്കീർണതകൾ ഉണ്ടായില്ലെങ്കിൽ മൂന്നാഴ്ച കഴിയുമ്പോൾ ഡിസ്ചാർജ് നൽകും. ജീവിതകാലം മുഴുവനും നീണ്ടു നിൽക്കുന്നതാവും തുടർ ചികിത്സ. ആദ്യം മൂന്ന് മാസത്തിനും പിന്നെ ആറ് മാസത്തിനും പിന്നീട് ഒരു വർഷത്തിനും ഇടയിലുള്ള ഫോളോ അപ് ചെക്ക് അപ് നിർബന്ധം. ലിസി ആശുപത്രിയിലെ 28-ാമത് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണിത്.

dot image
To advertise here,contact us
dot image