
കൊച്ചി: എറണാകുളം റൂറൽ ജില്ലയുടെ പുതിയ പൊലീസ് മേധാവിയായി ഡോ. വൈഭവ് സക്സേന ചുമതലയേറ്റു. എസ്പിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വച്ചാണ് ചുമതലയേറ്റത്. സ്ഥാനമൊഴിയുന്ന എസ്പി വിവേക് കുമാർ അദ്ദേഹത്തെ സ്വീകരിച്ചു. റൂറൽ ജില്ലയുടെ അമ്പത്തിയൊമ്പതാമത്തെ എസ്പിയാണ് വൈഭവ് സക്സേന. കാസർകോട് ജില്ലാ പൊലീസ് മേധാവിയായിരുന്നു അദ്ദേഹം.
ലഖ്നൗ സ്വദേശിയായ വൈഭവ് സക്സേന മാനന്തവാടി എഎസ്പി, കെഎപി ഒന്നാം ബറ്റാലിയൻ കമാൻഡന്റ്, പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എഎഐജി, തിരുവനന്തപുരം സിറ്റി ഡിസിപി, എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറ്റാന്വേഷണമികവിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. റൂറൽ ജില്ലയെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളതെന്ന് എസ്പി പറഞ്ഞു. റൂറൽ പൊലീസ് മേധാവിയായിരുന്ന വിവേക് കുമാർ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ആയി ചുമതലയേറ്റു.