
തൃശൂർ: കരുവന്നൂര് കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും. അറസ്റ്റിലായ നാല് പ്രതികളെ ഉൾപ്പെടുത്തിയാണ് ആദ്യ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.
കരുവന്നൂര് ബാങ്കില് വന്തോതില് കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ കുറ്റപത്രം സൂചിപ്പിക്കുന്നത്. ഏകദേശം 90 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കരുവന്നൂര് ബാങ്ക് തട്ടിപ്പില് കേരള പൊലീസില് രജിസ്റ്റര് ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടരുന്നത്. ഇതുവരെ 87.75 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു.
കേസിൽ പ്രതികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ച് നടന്നെന്ന് ഇഡി സൂചിപ്പിക്കുന്നു.