'കൊല്ലൂർവിള സഹകരണ ബാങ്കിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പ്';ഒത്തുകളിയെന്ന് മുന്‍ ഭരണസമിതിഅംഗം

ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും അവരുടെ താല്പര്യം നടപ്പിലാക്കുകയാണെന്നും മുന്‍ ഭരണസമിതി അംഗം കല്ലുമൂട്ടില്‍ നാസര്‍ വെളിപ്പെടുത്തി
'കൊല്ലൂർവിള സഹകരണ ബാങ്കിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പ്';ഒത്തുകളിയെന്ന് മുന്‍ ഭരണസമിതിഅംഗം

കൊല്ലം: കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പാണ് കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നതെന്ന് മുന്‍ ഭരണസമിതി അംഗം. സഹകരണവകുപ്പ് ഉദ്യോഗസ്ഥരും ബാങ്ക് ഭരണസമിതിയും തമ്മിലുള്ള ഒത്തുകളിയിലാണ് പരാതി പുറത്ത് വരാത്തത്. ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും അവരുടെ താല്പര്യം നടപ്പിലാക്കുകയാണെന്നും മുന്‍ ഭരണസമിതി അംഗം കല്ലുമൂട്ടില്‍ നാസര്‍ വെളിപ്പെടുത്തി.

ജോയിന്റ് ഡയറക്ടര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ 11ാം പ്രതിയാണ് നാസര്‍. മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും നാസര്‍ പറയുന്നു. കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും പൊലീസ് അന്വേഷണം നടത്തുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

2023 മാര്‍ച്ച് മാസം മൂന്നാം തീയതിയായിരുന്നു സഹകരണ ജോയിന്റ് ഡയറക്ടര്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കുന്നത്. 56 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പക്ഷേ പരാതി സ്വീകരിച്ച പൊലീസ് 11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ അന്വേഷണം നടത്തിയില്ലെന്ന് റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി അന്‍സാര്‍ അസീസ് ഉള്‍പ്പടെ 11 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് ഭാരവാഹികളും മുന്‍ഭാരവാഹികളും അവരുടെ ബന്ധുക്കളുമാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്ന പ്രതികള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com