
തിരുവനന്തപുരം: സിഎംആർഎൽ വിഷയത്തിൽ വിജിലൻസിന് പരാതി നൽകിയതായി കോണ്ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. തെളിവുകൾ, രേഖകൾ വിജിലൻസ് ഡയറക്ടർക്ക് നൽകിയിട്ടുണ്ട്. വിഷയത്തിൽ രണ്ടാം ഘട്ട പോരാട്ടമാണ് നിയമപരമായുള്ള സമീപനമെന്നും കുഴൽനാടൻ പറഞ്ഞു. പ്രഥമ ദൃഷ്ട്യാ തെളിവുള്ള വിഷയമാണ്. ഇതുവരെ സംശയധൂരീകരണത്തിന് പറ്റുന്ന മറുപടി ലഭിച്ചിട്ടില്ലെന്നും മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു.
'പാർട്ടിയുടെ പിന്തുണയോടെയാണ് നിയമ പോരാട്ടം. കഴിഞ്ഞ ഏതാനും നാളുകളായി കേരളം ചര്ച്ച ചെയ്ത മാസപ്പടിയുമായി ബന്ധപ്പെട്ട വലിയൊരു അഴിമതി സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ വിശദാംശങ്ങള് പുറത്തുവന്നിട്ടുണ്ട്. നിയമസഭയിലടക്കം പൊതുസമൂഹത്തിന് മുന്നിലുമൊക്കെ പലതവണ ഉന്നിയിച്ച പശ്ചാത്തലത്തില് എല്ലാവരും ചോദിച്ചിരുന്നു ഈ വിഷയം ഇവിടെ തീരുമോയെന്ന്. ഇതില് നിന്ന് പിന്നോട്ട് പോകരുതെന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും പല കോണുകളില് നിന്നും ആവശ്യങ്ങള് വന്നിരുന്നു. അന്ന് പറഞ്ഞ വാക്കുണ്ട്, കേവലം പുകമറ സൃഷ്ടിക്കുന്നതിനോ, ആരോപണിന് വേണ്ടിയോ മാധ്യമ ശ്രദ്ധ കിട്ടുന്നതിനോ വേണ്ടി ഏറ്റെടുത്തതല്ല. പ്രഥമ ദൃശ്ടിയാലുള്ള തെളിവുകള് നിലവില് ഉള്ളതുകൊണ്ടാണ് വിഷയം പൊതുസമൂഹത്തില് ആധികാരികമായി ഉയര്ത്തിയതും ചോദ്യങ്ങള് ഉന്നയിച്ചതും.
ഇതുവരെ ചോദിച്ച ചോദ്യങ്ങള്ക്കോ തനിക്കോ പൊതുസമൂഹത്തിനോ സംശയം ധൂരികരിക്കാന് കഴിയുന്ന രീതിയിലുള്ള ഒരു മറുപടിയും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നോ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നോ ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തില് ഏറ്റവും ഒടുവില് പി വി എന്ന പരാമര്ശം താനല്ല എന്നു പറഞ്ഞ് ഒളിച്ചോടുന്ന നിലയിലെത്തിയപ്പോള് ഇനി ഇതിന്റെ രണ്ടാംഘട്ടം ആരംഭിക്കുകയാണ്. അത് നിയമ പോരാട്ടമാണ്. അതിന്റെ ഭാഗമായി വിഷയത്തില് ഔദ്യോഗികമായ പരാതിയും രേഖകളും വിജിലന്സ് ഡയറക്ടര്ക്ക് കൈമാറിയിട്ടുണ്ട്. വിഷയത്തില് വിജിലന്സ് അന്വേഷണം ആവശ്യമുണ്ട്. പാര്ട്ടിയുടെ പൂര്ണ പിന്തുണ തനിക്കുണ്ട്', മാത്യു കുഴല്നാടന്.
പി വി താനല്ലെന്ന് പറഞ്ഞു മുഖ്യമന്ത്രി ഒളിച്ചോടിയതല്ലാതെ തെളിയിക്കാൻ സാധിച്ചിട്ടില്ല. പി വി അദ്ദേഹമാണെന്ന് ഞങ്ങള് തെളിയിക്കും. വിഷയത്തില് തെളിവുകളുടെ അടിസ്ഥാനത്തില് വിജിലന്സ് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക