മാത്യു കുഴൽനാടനെതിരായ ആരോപണത്തിൽ നിന്ന് പിന്നോട്ടില്ല, കേസ് നൽകുമെന്ന് പേടിപ്പിക്കേണ്ട: സി എൻ മോഹനൻ

വക്കീൽ നോട്ടീസ് അയച്ചത് മാത്യു കുഴൽനാടനല്ല, കെഎംഎൻപി ലോ എന്ന സ്ഥാപനമാണ്. അവരുടെ റെപ്യൂട്ടേഷൻ തകർത്തത് താനല്ല മാത്യു കുഴൽനാടനാണെന്ന് സി എൻ മോഹനൻ
മാത്യു കുഴൽനാടനെതിരായ ആരോപണത്തിൽ നിന്ന് പിന്നോട്ടില്ല, കേസ് നൽകുമെന്ന് പേടിപ്പിക്കേണ്ട: സി എൻ മോഹനൻ

കൊച്ചി: അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ വക്കീൽ നോട്ടീസിന് താൻ മറുപടി നൽകിയിട്ടുണ്ടെന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. കെഎംഎൻപി ലോ എന്ന നിയമ സ്ഥാപനത്തെ അപകീ‍ർത്തിപ്പെടുത്തേണ്ട ആവശ്യം തനിക്കില്ല. മാത്യു കുഴൽനാടന്റെ സത്യവാങ്മൂലത്തിൽ നിന്നാണ് ആ പേര് കിട്ടിയത്. മാത്യു കുഴൽനാടന് എവിടെ നിന്നാണ് ഈ സ്ഥാപനത്തിൽ നിക്ഷേപിക്കാനുള്ള പണം ലഭിച്ചത് എന്നാണ് താൻ ചോദിച്ചതെന്നും ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സി എൻ മോഹനൻ.

വക്കീൽ നോട്ടീസ് അയച്ചത് മാത്യു കുഴൽനാടനല്ല, കെഎംഎൻപി ലോ എന്ന സ്ഥാപനമാണ്. അവരുടെ റെപ്യൂട്ടേഷൻ തകർത്തത് താനല്ല മാത്യു കുഴൽനാടനാണ്. ഇലക്ഷൻ കമ്മീഷന് കൊടുത്ത സത്യവാങ്മൂലത്തിലെ ചേരായ്കയാണ് ചൂണ്ടിക്കാട്ടിയത്. എവിടെയാണ് ഈ പണത്തിന്റെ ശ്രോതസ്സെന്നാണ് തന്റെ ചോദ്യം. അതിന് മറുപടി കിട്ടിയിട്ടില്ല. മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ ഭൂമി വാങ്ങിയത് ഒരു കോടി 92 ലക്ഷം രൂപയ്ക്കാണ്. ഇത് ഇരുട്ടി വെളുത്തപ്പോഴേക്കും മൂന്നരക്കോടിയായി.

50 % ഷെയ‍ർ എന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. അപ്പോൾ അകെ ഏഴ് കോടി രൂപയാണ് ഭൂമിയുടെ മൂല്യം. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ എറണാകുളത്തെ അക്കൗണ്ടിൽ നിന്നാണ് ഈ പണം കൈമാറിയിരിക്കുന്നത്. ഒരു കോടി 92 ലക്ഷം രൂപ ഒരു രാത്രി കൊണ്ട് ഏഴ് കോടിയായതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. താൻ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് കൈയിൽ രേഖകളുണ്ട്. എന്നാൽ സി എൻ മോഹനന് അനധികൃത സ്വത്തുണ്ടെന്ന് കുഴൽനാടൻ പറയുമ്പോൾ അതിന്റെ തെളിവ് അദ്ദേഹം കാണിക്കണ്ടേ എന്നും സി എൻ മോഹനൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. കേസ് നൽകുമെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ടെന്നും സി എൻ മോഹനൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com