വ്യക്തിഹത്യ നടത്തിയില്ലെന്ന് സി എൻ മോഹനൻ; മറുപടി തൃപ്തികരമല്ല, നിയമനടപടി സ്വീകരിക്കുമെന്ന് കുഴൽനാടൻ

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് മാത്യു കുഴൽനാടൻ
വ്യക്തിഹത്യ നടത്തിയില്ലെന്ന് സി എൻ മോഹനൻ; മറുപടി തൃപ്തികരമല്ല, നിയമനടപടി സ്വീകരിക്കുമെന്ന് കുഴൽനാടൻ

തിരുവനന്തപുരം: അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് നൽകിയ വക്കീൽ നോട്ടീസിന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സി എൻ മോഹനനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. എന്നാൽ വ്യക്തിഹത്യ നടത്തിയിട്ടില്ല എന്ന മറുപടിയാണ് മാത്യു കുഴൽനാടന്റെ വക്കീൽ നോട്ടീസിന് സി എൻ മോഹനൻ നൽകിയത്. മാത്യു കുഴൽനാടന്‍റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞത് മാത്യുവിന്‍റെ ഭൂമിയുടെ കാര്യം മാത്രമാണെന്നും മറുപടിയിൽ പറയുന്നു.

അപകീർത്തികരമായ പരാമർശം പിൻവലിച്ച് മാപ്പ് പറയണം എന്നാണ് നോട്ടീസിലൂടെ കുഴൽനാടൻ ആവശ്യപ്പെട്ടത്. ആരോപണം ഉന്നയിച്ചതിന് രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റ് 15-ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശം മുൻനിർത്തിയാണ് കുഴൽനാടൻ നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടൻ പങ്കാളിയായ കെഎംഎൻപി ലോ എന്ന നിയമ സ്ഥാപനത്തിന് കൊച്ചി, ഡൽഹി, ബെംഗളൂരു, ഗുവാഹത്തി, ദുബായ് എന്നിവിടങ്ങളിൽ ഓഫീസ് ഉണ്ട്. ഈ ഓഫീസുകൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നു എന്നായിരുന്നു സിഎൻ മോഹനൻ്റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണം നിയമ സ്ഥാപനത്തിന് മാനനഷ്ടവും ധനനഷ്ടവും ഉണ്ടാക്കി എന്നും നോട്ടീസിൽ പറയുന്നുണ്ട്. ഈ നോട്ടീസിന് മറുപടി നൽകവെ ആരോപണം മയപ്പെടുത്തുകയാണ് സി എൻ മോഹനൻ. എന്നാൽ ഈ മറുപടി തൃപ്തികരമല്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നുമാണ് കുഴൽനാടന്റെ നിലപാട്.

എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സ്വത്ത് വിവരം വ്യാജമാണെന്നും ഇതില്‍ അന്വേഷണം വേണമെന്നുമാണ് താൻ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടതെന്നുമാണ് സി എൻ മോഹനൻ മറുപടിയിൽ വ്യക്തമാക്കുന്നത്. നിയമ സ്ഥാപനത്തിനെതിരെ പ്രസ്താവന നടത്തിയിട്ടില്ല. സര്‍ക്കാരിനും മന്ത്രിസഭയ്ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അഴിമതി വിരുദ്ധ ചാമ്പ്യനാകുന്നുവെന്നാണ് കുഴല്‍നാടന്‍ സ്വയം പറയുന്നത്. റിസോര്‍ട്ട് ഇടപാടില്‍ വിലകുറച്ച് കാട്ടിയത് കള്ളപ്പണ ഇടപാടിന്റെ ഭാഗമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഇതിന്റെ രജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിപ്പ് നടത്തി. കൃഷിഭൂമി റിസോര്‍ട്ട് ഭൂമിയാക്കി മാറ്റി ഉപയോഗിച്ചു. മാത്യു കുഴല്‍നാടന്‍ വെളിപ്പെടുത്തിയ വിവരങ്ങളില്‍ പരസ്പര വിരുദ്ധതയുണ്ട്. കരിയര്‍ ഹൗസ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിലെ 9 കോടി രൂപയുടെ നിക്ഷേപത്തിന്റെ ഉറവിടം മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കിയിട്ടില്ല. ഈ ക്രമവിരുദ്ധ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടത്.

മാത്യു കുഴല്‍നാടന്‍ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമം ലംഘിച്ചു. നികുതി വെട്ടിപ്പ് നടത്തി. ഇടപാടുകളില്‍ നിയമവിരുദ്ധതയുണ്ട്. അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരികയുള്ളൂ. ഇതിനാണ് അന്വേഷണ ഏജന്‍സിയെ സമീപിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകരെ അപമാനിക്കുന്ന പ്രസ്താവനകളാണ് മാത്യു കുഴല്‍നാടന്‍ നടത്തിയത്. പൊതുപ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ അന്ധത ബാധിച്ച കണ്ണുകളിലൂടെയാണ് മാത്യു കുഴല്‍നാടന്‍ കാണുന്നതും ആക്ഷേപിക്കുന്നതും എന്നുമാണ് സി എന്‍ മോഹനന്റെ മറുപടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com