ലോണ്‍ ആപ്പ് വേട്ടയാടല്‍; മരണശേഷവും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചെന്ന് അജയന്റെ ഭാര്യ

ഇനി ആര്‍ക്കും ഈ ഗതി ഉണ്ടാകരുതെന്നും പൊലീസ് ശക്തമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നും അജയന്റെ ഭാര്യ പറഞ്ഞു.
ലോണ്‍ ആപ്പ് വേട്ടയാടല്‍; മരണശേഷവും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചെന്ന് അജയന്റെ ഭാര്യ

വയനാട്: അരിമുളയില്‍ യുവാവിന്റെ മരണശേഷവും ലോണ്‍ ആപ്പ് സംഘങ്ങള്‍ മോര്‍ഫ് ചെയ്ത ചിത്രവും വീഡിയോയും പ്രചരിപ്പിച്ചുവെന്ന് ഭാര്യ. ഇനി ആര്‍ക്കും ഈ ഗതി ഉണ്ടാകരുതെന്നും പൊലീസ് ശക്തമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നും അജയന്റെ ഭാര്യ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. ലോണ്‍ ആപില്‍ നിന്ന് പണം കടമെടുത്തതും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചതും ആത്മഹത്യക്ക് കാരണമായതായാണ് പൊലീസ് നിഗമനം. ലോട്ടറി വില്‍പ്പന നടത്തിയിരുന്ന അരിമുള സ്വദേശി അജയന്‍ ആണ് ആത്മഹത്യ ചെയ്തത്. വീടിനടുത്തുള്ള പറമ്പിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവാവിന്റെ ഫോണുകള്‍ സൈബര്‍ വിഭാഗം പരിശോധിക്കുകയാണ്. ആത്മഹത്യ പ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അജയന് ബാധ്യതകളുള്ളതും പരിശോധിക്കും.

പണം തിരികെ ആവശ്യപ്പെട്ട് കാന്‍ഡി ക്യാഷ് എന്ന ലോണ്‍ ആപില്‍ നിന്ന് തുടര്‍ച്ചയായി അജയന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്നതിന്റെ അഞ്ച് മിനുട്ട് മുന്‍പ് വരെ ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചു. മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ലഭിച്ചതോടെ അജയന്‍ മാനസിക സംഘര്‍ഷത്തിലായെന്നാണ് പൊലീസ് നിഗമനം.

മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അജയന് ബാധ്യതകളുള്ളതും പൊലീസ് അറിയിച്ചു. വാട്‌സാപ്പ് സന്ദേശങ്ങളും ഭീഷണി ഫോണ്‍ കോളുകളും തെളിവായെടുത്തിട്ടുണ്ട്. ജില്ലയില്‍ ലോണ്‍ ആപ് സംബന്ധിച്ച് മൂന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് അജയന്‍ 5000 രൂപ ലോണ്‍ എടുത്തിരുന്നു എന്നാണ് സംശയം. തിരിച്ചടയ്ക്കാനായി ഇയാളെ വിളിച്ച് ശല്യം ചെയ്തിരുന്നതായും വിവരമുണ്ട്.

നേരത്തേ ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ വേട്ടയാടിയതിനെ തുടര്‍ന്ന് കടമക്കുടിയിലെ കുടുംബം ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തിലും മരണശേഷവും മരിച്ച നിജോയുടെ ഭാര്യ ശില്പയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഫോണുകളില്‍ എത്തിയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com