സോളാർ പീഡനക്കേസ് ഗൂഢാലോചന: ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഡിഎഫ്

ഓഗസ്റ്റ് 18ന് ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കും.
സോളാർ പീഡനക്കേസ് ഗൂഢാലോചന: ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: സോളാർ പീഡനക്കേസിലെ ഗൂഢാലോചനയിൽ കെ ബി ഗണേഷ് കുമാറിന് എതിരെ നിലപാട് കുടിപ്പിച്ച് യുഡിഎഫ്. ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് യുഡിഎഫ് തീരുമാനം. കോൺഗ്രസ് ഒറ്റയ്ക്ക് സമരം ഏറ്റെടുക്കുന്നതിന് പകരം യുഡിഎഫ് എന്ന നിലയിലാണ് ഗണേഷ് കുമാറിനെതിരായ സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

സെപ്റ്റംബർ 18ന് ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കും. ഗണേഷ് കുമാർ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് തീരുമാനം. ഗണേഷ് കുമാറിന് എതിരെ നിയമനടപടി സ്വീകരിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. നിയമ വിദഗ്ദ്ധരുമായി ആലോചിച്ച ശേഷമാകും തുടർനടപടികൾ. സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകൻ ഗണേഷ് കുമാറാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് യുഡിഎഫ്. മന്ത്രിസഭാ പുനസംഘടനയിൽ ഗണേഷ് കുമാർ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് യുഡിഎഫ് ഗണേഷ് കുമാറിനെതിരായ നിലപാട് കടുപ്പിക്കുന്നത്. ഗൂഢാലോചന നടത്തിയത് ഗണേഷ് കുമാറാണെന്ന ആരോപണം രാഷ്ട്രീയമായി ഉന്നയിച്ച് മുന്നോട്ടു പോകാൻ യുഡിഎഫ് തീരുമാനിച്ചത് നിലവിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഗൂഢാലോചന വിഷയത്തിൽ ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണെന്നതും ശ്രദ്ധേയമാണ്.

ഇനി നിയമനടപടിക്കാണ് കോൺ​ഗ്രസ് ഒരുങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടി നൽകിയ മൂന്ന് അപകീർത്തി കേസുകൾ ഇപ്പോഴുണ്ട്. തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

സോളാർ ലൈംഗിക പീഡന കേസിലെ സിബിഐ റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ഷാഫി പറമ്പിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചതോടെയാണ് ഗൂഢാലോചന വിഷയം ഉയർന്ന് വന്നത്. കെ ബി ഗണേഷ് കുമാറും, ശരണ്യ മനോജും, ദല്ലാൾ നന്ദകുമാറുമാണ് ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ പീഡനകേസിൽ ഗൂഡാലോചന നടത്തിയതെന്ന പരാമർശം സിബിഐ റിപ്പോർട്ടിൽ ഉണ്ടായിരുന്നുവെന്നായിരുന്നു ആരോപണം. വിഷയത്തിൽ ഗൂഡാലോചന സംബന്ധിച്ച് അന്വേഷിക്കാമെന്ന നിലപാട് നിയമസഭയിൽ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു. പിണറായി വിജയൻറെ പൊലീസ് അന്വേഷിക്കേണ്ടതില്ലെന്നും സിബിഐ ഗൂഢാലോചന അന്വേഷിക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടത്.

ഇതിനിടെ സോളാർ പീഡനക്കേസ് ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തെ ചൊല്ലി കോൺഗ്രസ്സിൽ ഭിന്നത രൂക്ഷമാകുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഗൂഢാലോചനയിൽ അന്വേഷണം ആവശ്യപ്പെടുന്ന കാര്യത്തിൽ പാർട്ടിയിലും മുന്നണിയിലും ആശയക്കുഴപ്പം തുടരുകയാണ്. കോൺഗ്രസും മുന്നണിയും അന്വേഷണം വേണമെന്നായിരുന്നു ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടത്. പക്ഷേ യുഡിഎഫ് യോഗം സിബിഐ അന്വേഷണത്തിൽ തുടർനടപടിയാണ് ആവശ്യപ്പെട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com