
കൊച്ചി: എറണാകുളം അമ്പലമുകള് അയ്യന്കുഴി പ്രദേശത്തെ ജനങ്ങളുടെ ശ്വാസകോശ രോഗങ്ങള്ക്ക് കാരണം അന്തരീക്ഷ മലിനീകരണമെന്ന് ജില്ലാ മെഡിക്കല് ഓഫീസറുടെ പഠന റിപ്പോര്ട്ട്. റിപ്പോര്ട്ടിന്റെ പകര്പ്പ് റിപ്പോര്ട്ടറിന് ലഭിച്ചു. അയ്യന്കുഴിയിലെ 16-ാം വാര്ഡില് ജില്ലാ കളക്ടറുടെ നിര്ദേശ പ്രകാരം മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിലാണ് കണ്ടെത്തല്. കൊച്ചിന് റിഫൈനറിയുടെയും ഹിന്ദുസ്ഥാന് ഓര്ഗാനിക് കെമിക്കല്സിന്റെയും പ്ലാന്റുകള്ക്ക് നടുവില് വിഷപ്പുക ശ്വസിച്ച് ജീവിക്കുന്ന അയ്യങ്കുഴിക്കാരുടെ ദുരിതം റിപ്പോര്ട്ടര് ടിവി പുറത്തുവിട്ടിരുന്നു.
നേരത്തെ 44 കുടുംബങ്ങള് താമസിച്ചിരുന്ന ഇവിടെ ഇപ്പോള് കുറച്ച് കുടുംബങ്ങളേയുള്ളൂ. അവരില് അധികവും അര്ബുദ ബാധിതരും ശ്വാസകോശ രോഗങ്ങള്കൊണ്ട് വലയുന്നവരുമാണ്. ശ്വാസകോശ പ്രശ്നങ്ങള്ക്ക് പ്രധാനപ്പെട്ട കാരണം അന്തരീക്ഷ മലിനീകരണമെന്നാണ് വിലയിരുത്തല്. പ്രദേശത്തെ മുഴുവന് താമസക്കാരും കൂടുതല് ആരോഗ്യപരിശോധനകള്ക്ക് വിധേയരാകണം.
പ്രദേശത്തെ 85 പേരാണ് മെഡിക്കല് ക്യാമ്പില് പങ്കെടുത്തത്. അതില് 44 പേര് സ്ത്രീകളും 41 പേര് പുരുഷന്മാരുമായിരുന്നു. അഞ്ച് വയസ്സ് മുതല് 60 വയസ്സിന് മുകളിലുള്ളവര് വരെ ക്യാമ്പിലെത്തി പരിശോധനയ്ക്ക് വിധേയരായിരുന്നു.