
തൃശൂർ: കരുവന്നൂരിലെ ബിനാമി ഇടപാടുകാരനെന്ന് ആരോപണം നേരിടുന്ന സിപിഎം കൗൺസിലർ അനൂപ് ഡേവിസ് കാടയ്ക്കെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്ത്. സ്വർണവ്യാപാരിയെ പാർട്ടി ഓഫീസിൽ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. കരുവന്നൂരിലെ തന്നെ മറ്റൊരു ബാങ്കിൽ നിന്ന് പ്രമുഖ ജ്വല്ലറി ഉടമയുമായി ചേർന്ന് അനൂപിന്റെ നേതൃത്വത്തിൽ പല പേരുകളിൽ 10 കുറികൾ എടുത്തു നൽകി. പകരം ഭൂമി ഈടായി സഹകരണ ബാങ്ക് എഴുതി വാങ്ങിക്കുകയായിരുന്നുവെന്ന് തങ്കം ജ്വല്ലറി ഉടമയായ ഗണേഷ് പറഞ്ഞു.
ഗോസായി കുന്നിലെ എസ്ടി ജ്വല്ലറി മാനുഫാക്ച്ചർ ഉടമയ്ക്ക് വേണ്ടിയാണ് അനൂപ് സംസാരിച്ചത്. അനൂപ് പറഞ്ഞത് പ്രകാരമാണ് ജ്വല്ലറി ഉടമയ്ക്കൊപ്പം കരുവന്നൂർ സഹകരണ ബാങ്കിൽ കുറി ചേർന്നത്. 10 കുറി ചേർന്നോളാൻ പറഞ്ഞു. തൃശൂർ സിപിഐഎമ്മിന്റെ ഒരു പാർട്ടി ഓഫീസിൽ വച്ചാണ് ഭീഷണിപ്പെടുത്തിയത്. അവർ പറയുന്നത് എന്താണോ അത് കേൾക്കണം. തിരിച്ച് ഒന്നും പറയാൻ പറ്റില്ല. ഒരു രൂപ പോലും കൊടുക്കാനില്ലെങ്കിലും അവർ നൽകാനുള്ള പണം നമ്മളെ കൊണ്ട് കൊടുപ്പിക്കുന്ന രീതിയിലാണ് സംസാരിക്കുക. പൊലീസുകാരേക്കാൾ സ്ട്രോങ്ങായാണ് കാട സംസാരിച്ചതെന്നും ഗണേഷ് ആരോപിച്ചു.
കുറി ചേർന്ന് ഒരു മാസത്തിനുള്ളിൽ പണം ലഭിച്ചു. തുടർന്നാണ് ജ്വല്ലറി തുടങ്ങിയത്. കുറി ലഭിച്ചപ്പോൾ ഭൂമി ഈട് നൽകിയിരുന്നു. രണ്ട് അടവ് മാത്രമാണ് മുടങ്ങിയത്. അപ്പോഴേക്കും കരുവന്നൂർ ബാങ്കിലിരിക്കുന്ന ആധാരം അറ്റാച്ച് ചെയ്തുവെന്ന് പറഞ്ഞ് കോടതിയിൽ നിന്ന് നോട്ടീസ് വന്നുവെന്നും ഗണേഷ് പറഞ്ഞു.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രധാന സാക്ഷി കെ എ ജിജോർ രംഗത്തെത്തി. 14 കോടിയോളം രൂപ പ്രതിയായ പി സതീഷ് കുമാർ ബാങ്കിൽ നിന്ന് തട്ടിയെടുത്തതായി ജിജോർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. എ സി മൊയ്തീൻ എംഎൽഎ, തൃശ്ശൂരിലെ സിപിഐഎം നേതാക്കളായ അനൂപ് ഡേവിസ് കാട, അരവിന്ദാക്ഷൻ എന്നിവർ സതീഷിന് പൂർണ പിന്തുണ നൽകിയിരുന്നു. പൊലീസ് ഉന്നത ഉദ്യോഗസ്ഥരായ വേണുഗോപാലും ആന്റണിയും തട്ടിപ്പിന് കൂട്ടുനിന്നതായും ജിജോർ പറഞ്ഞു.
സതീഷ്കുമാറിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മരവിപ്പിച്ചിരുന്നു. തൃശൂർ അയ്യന്തോൾ ബാങ്കിൽ സതീഷ്കുമാറിന്റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപമാണ് മരവിപ്പിച്ചത്. സതീഷിന്റെ ഭാര്യ, മകൻ എന്നിവരുടെ അക്കൗണ്ടുകളിൽ ഇടപാട് നടത്തുന്നതും തടഞ്ഞു.