സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷൻ ലഭിച്ചു; സിഎജി

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന സിആന്‍ഡ്എജി റിപ്പോര്‍ട്ട് നിയമസഭയില്‍
സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷൻ ലഭിച്ചു; സിഎജി

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന സിആന്‍ഡ്എജി റിപ്പോര്‍ട്ട് നിയമസഭയില്‍. നാല് വിഭാഗങ്ങള്‍ സംബന്ധിച്ച് നാല് റിപ്പോര്‍ട്ടുകളാണ് സഭയുടെ മേശപ്പുറത്ത് വെച്ചത്. കേരള സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അക്കൗണ്ടിംഗ് രീതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്.

പെന്‍ഷന്‍ കമ്പനി അധിക വായ്പ സമാഹരിച്ചുവെന്നാണ് വിമര്‍ശനം. പെന്‍ഷന്‍ കമ്പനിയിലും പഞ്ചായത്ത് ഡയറക്ടറേറ്റിലും പരസ്പരവിരുദ്ധമായ കണക്കുകളാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ബന്ധിത സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ ഗുണഭോക്താക്കളെ അംഗീകരിച്ചു. അപേക്ഷ സമര്‍പ്പിക്കാതെ പോലും ഗുണഭോക്താക്കളെ ചേര്‍ത്തു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിച്ചു. ഇനത്തില്‍ 39.27 കോടി രൂപ ചെലവായി. പെന്‍ഷന്‍ കമ്പനിയിലും പഞ്ചായത്തില്‍ ഡയറക്ടറേറ്റിലെ ഡിവിഡി സെല്ലിലും അക്കൗണ്ട് ബുക്കുകള്‍ പരിപാലിക്കുന്നില്ല തുടങ്ങിയ കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്.

യോഗ്യരായ കാല്‍ ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ പെയ്‌മെന്റ്കള്‍ നിരസിക്കപ്പെട്ടുവെന്ന ഗുരുതര കണ്ടെത്തലും സിഎജി റിപ്പോര്‍ട്ടിലുണ്ട്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗുണഭോക്താക്കള്‍ക്ക് നല്‍കിയ പണം തിരിച്ചു പിടിച്ചിട്ടില്ല. ഈ ഇനത്തില്‍ 4.08 കോടി രൂപ തിരിച്ചു പിടിക്കാനുണ്ട്. 75 വയസ്സ് തികയുന്നതിന് മുമ്പ് ഗുണഭോക്താക്കള്‍ക്ക് വര്‍ധിപ്പിച്ചു നിരക്കില്‍ പെന്‍ഷന്‍ വിതരണം ചെയ്ത ഇനത്തില്‍ 10.11 കോടി രൂപ നഷ്ടമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

നികുതി പിരിവുമായി ബന്ധപ്പെട്ട ഗുരുതരമായ വീഴ്ചകളും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. റവന്യു വിഭാഗം നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകള്‍ വരുത്തിയെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഡാറ്റാ ബേസിലെ അടിസ്ഥാന രേഖകള്‍ പരിശോധിക്കാത്തതാണ് നികുതി നഷ്ടത്തിന് കാരണമായത്. ആര്‍ടിഎ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയതായും കണ്ടെത്തലുണ്ട്. ബാര്‍ ലൈസന്‍സ് അനധികൃതമായി കൈമാറ്റം അനുവദിച്ചത് മൂലം 2.17 കോടി രൂപ നഷ്ടമായതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

കരാറുകാര്‍ക്ക് അനര്‍ഹമായ ആനുകൂല്യം നല്‍കുന്നതില്‍ പൊതുമരാമത്ത് വകുപ്പിനെതിരെയും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. കരാറുകാര്‍ക്ക് അനര്‍ഹമായി ആനുകൂല്യം നല്‍കി. ടാര്‍ വാങ്ങുന്നതിലെ വ്യവസ്ഥകള്‍ ലംഘിച്ച കരാറുകാര്‍ക്ക് അനര്‍ഹമായി അനുകൂല്യം നല്‍കിയെന്നാണ് സിഎജി കണ്ടെത്തല്‍. 4.98 കോടി രൂപയാണ് ഈ രീതിയില്‍ അനര്‍ഹമായി നല്‍കിയത്. ബൈപ്പാസ് റോഡുകളുടെ പൂര്‍ത്തീകരണത്തിലെ കാലതാമസവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്നതില്‍ പിഡബ്ല്യുഡി മാന്വലിലെ വ്യവസ്ഥകള്‍ ലംഘിച്ചു. ഇതിന്റെ ഭാഗമായി 54.08 കോടിരൂപ നിഷ്ഫലമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബൈപാസ് റോഡ് പ്രവൃത്തികള്‍ അപൂര്‍വമായി തുടരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 2019-21 കാലയളവിലുള്ള സിഎജി റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

ബ്രഹ്‌മപുരം പ്ലാന്റ് സംബന്ധിച്ചും സിഐജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ബ്രഹ്‌മപുരത്തെ സംസ്‌കരണ കേന്ദ്രത്തില്‍ ലീച്ചേറ്റ് പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഞെളിയന്‍ പറമ്പിലെ സംസ്‌കരണ കേന്ദ്രത്തിലും സ്ഥിതി സമാനം എന്ന് ചൂണ്ടിക്കാണിച്ച സിഎജി ബ്രഹ്‌മപുരത്തും ഞെളിയന്‍ പറമ്പിലും ജൈവ മാലിന്യം മാത്രം എത്തുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ലീച്ചേറ്റ് സംസ്‌കരിക്കാന്‍ പ്ലാന്റ് സ്ഥാപിക്കണമെന്നും സമീപത്തെ ജലാശയങ്ങളും കൃഷിയിടങ്ങളും മലിനമാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നഗരസഭയോട് ആവശ്യപ്പെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com