

അടിമാലി: അടിമാലിയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭാര്യയെ പുറത്തെടുത്തു. ലക്ഷംവീട് നിവാസി സന്ധ്യയെയാണ് പുറത്തെടുത്തത്. അഞ്ച് മണിക്കൂറോളം നീണ്ട ശ്രമകരമായ ദൗത്യത്തിന് ശേഷമാണ് സന്ധ്യയെ പുറത്തെടുത്തത്. ഭര്‍ത്താവ് ബിജു ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉടന്‍ തന്നെ ബിജുവിനെ പുറത്തെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ധ്യയെ ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ഇവരുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
അടിമാലി ലക്ഷംവീട് ഉന്നതിയില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. സ്ഥലത്ത് മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 22 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇത്തരത്തില്‍ ബിജുവിനെയും സന്ധ്യയെയും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി വീട്ടില്‍ എത്തിപ്പോഴായിരുന്നു വലിയ ശബ്ദത്തോടെ മണ്ണിടിച്ചില്‍ ഉണ്ടായത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി. ഇതിനിടെ വീടിന് അകത്തുനിന്ന് ദമ്പതികളുടെ നിലവിളി കേള്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസും അഗ്നിശമനസേനയുമാണ് ആദ്യം സ്ഥലത്തെത്തിയത്. തുടര്‍ന്ന് ജെസിബിയും സ്ഥലത്തെത്തിച്ചു. ജെസിബി ഉപയോഗിച്ച് ആദ്യം മണ്ണ് നീക്കം ചെയ്യുകയാണ് ചെയ്തത്. പിന്നാലെ കോണ്‍ക്രീറ്റ് പാളികളും മാറ്റി. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കമ്പികള്‍ മുറിച്ചു. ചുറ്റിക ഉപയോഗിച്ച് കോണ്‍ഗ്രീറ്റ് പാളികള്‍ സാവകാശം പൊട്ടിച്ചു. ഇതിനിടെ സന്ധ്യ അസ്വസ്ഥത പ്രകടിപ്പിക്കുകയും വെള്ളം നല്‍കുകയും ചെയ്തു. ഓക്‌സിജന്റെ ലഭ്യത കുറഞ്ഞതോടെ അതിനുള്ള സൗകര്യവും ഒരുക്കി. പന്ത്രണ്ട് മണിയോടെ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകും മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി, എഡിഎം അടക്കമുള്ളവരും സ്ഥലത്തെത്തി. അവസാനഘട്ടത്തിൽ രക്ഷാപ്രവർത്തനം അൽപം ദുഷ്കരമായിരുന്നു. ബിജുവിൻ്റെ കാലിൽ സന്ധ്യയുടെ കാൽ കുടുങ്ങിയതായിരുന്നു പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിന് പുറമേ കെട്ടിടം താഴേയ്ക്ക് പതിയുന്ന സാഹചര്യവുമുണ്ടായി. ഈ വെല്ലുവിളികളെ തരണം ചെയ്താണ് രക്ഷാപ്രവര്‍ത്തകര്‍ സന്ധ്യയെ പുറത്തെടുത്തത്
Content Highlights- Adimali Landslide: Sandhya rescued