
കൊച്ചി: സോളാര്കേസില് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയത് കേരള കോണ്ഗ്രസ് ബി നേതാവ് ഗണേഷ് കുമാറും പിഎ പ്രദീപും ശരണ്യാ മനോജും ചേര്ന്നെന്ന് പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്. പരാതിക്കാരി കത്ത് എഴുതിയിട്ടില്ലെന്നും ഡ്രാഫ്റ്റ് മാത്രമാണ് അതെന്നും ഫെനി വാര്ത്താ സമ്മേളനത്തില് പറഞ്ഞു. ഇതിന്റെയെല്ലാം പിന്നില് ശരണ്യാ മനോജും പ്രദീപും ആണെന്നും ഫെനി ആവര്ത്തിച്ചു.
'ജയില്മോചിതയായ പരാതിക്കാരി രണ്ട് ദിവസം എന്റെ വീട്ടില് താമസിച്ച ശേഷം തുടര്ച്ചയായി ആറ് മാസം ശരണ്യാ മനോജിന്റെ വീട്ടിലായിരുന്നു താമസം. ഗണേഷ് കുമാറിന്റെ നിര്ദേശപ്രകാരമായിരുന്നു ഇത്.
ഗണേഷ് കുമാറിനെ മന്ത്രിയാക്കാന് വേണ്ടിയാണ് എല്ലാവരും പരിശ്രമിച്ചുകൊണ്ടിരുന്നത്. അത് സാധിക്കില്ലെന്ന് അറിഞ്ഞപ്പോള് ഗണേഷ് കുമാറിന്റെ നിര്ദേശപ്രകാരം ശരണ്യാ മനോജും പ്രദീപും തിരുവനന്തപുരത്ത് പത്രസമ്മേളനം വിളിക്കാന് എന്നോട് ആവശ്യപ്പെട്ടു. അത് പ്രകാരം കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടിലിരുന്നപ്പോഴാണ് ശരണ്യാ മനോജ് കവറിനകത്ത് കത്ത് എഴുതി എന്റെ കൈയ്യില്കൊണ്ടുതന്നത്. അത് വായിച്ചുനോക്കാന് പറഞ്ഞു. അതില് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കെതിരായ ലൈംഗികാരോപണം ഉണ്ടായിരുന്നു. ജോസ് കെ മാണിയുടെ പേരും ഉണ്ടായിരുന്നു. ഈ ചെയ്യുന്നത് ശരിയല്ലല്ലോയെന്ന് ചോദിച്ചപ്പോള് ഗണേഷ് കുമാറിന്റെ നിര്ദേശപ്രകാരമാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹത്തിന് മന്ത്രിയാകാന് പറ്റിയില്ല, അപ്പോള് മുഖ്യമന്ത്രിയെ താഴെയിറക്കണമെന്നും പറഞ്ഞു. കത്ത് സരിതയുടെ വീട്ടില് കൊണ്ടുപോയി അവരുടെ കയ്പടയില് ഒന്നുകൂടെ എഴുതി പത്ര സമ്മേളനം വിളിക്കാനായിരുന്നു ശരണ്യാ മനോജിന്റെ നിര്ദേശം. സൂത്രധാരന് ശരണ്യാ മനോജും പിഎ പ്രദീപുമാണ്.' ഫെനി പറഞ്ഞു.
വിവാദമായ സോളാര് സി ഡി തന്റെ കയ്യിലുണ്ടെന്നും ഫെനി ബാലകൃഷ്ണന് അവകാശപ്പെട്ടു. സിബിഐ അടക്കം തെളിവുകള് ആവശ്യപ്പെട്ടു. എന്നാല് തെളിവുകള് ആര്ക്കും കൈമാറില്ലെന്നും ഉള്ളടക്കം പുറത്ത് പറയില്ലെന്നും ഫെനി ബാലകൃഷ്ണന് പറഞ്ഞു. പരാതിക്കാരി ജയിലില് നിന്ന് നല്കിയ 21 പേജുള്ള കത്തില് സിബിഐ പ്രതിചേര്ത്ത മറ്റ് അഞ്ച് നേതാക്കളുടെ പേരുണ്ടോ എന്നതില് മറുപടി പറയാതെ ഒഴിഞ്ഞു മാറിയ ഫെനി എന്നാല് കത്തില് ഗണേഷ് കുമാറിന്റെ പേരുള്ള കാര്യം ആവര്ത്തിച്ചു.