
കണ്ണൂര്: സോളാര് കേസിലെ ഗണേഷ് കുമാറിനെതിരായ ആരോപണത്തില് പ്രതികരിക്കാതെ എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന്. ഉമ്മന്ചാണ്ടി സര്ക്കാര് ആണ് കേസ് സിബിഐക്ക് വിടുന്നത്. ഗണേഷ് കുമാറിനെതിരായ ആരോപണങ്ങള് അദ്ദേഹത്തോട് തന്നെ ചോദിക്കണം. മരിച്ചുപോയ ഉമ്മന്ചാണ്ടിയെ കളങ്കപ്പെടുത്താന് ശ്രമിക്കരുതെന്നും ഇ പി ജയരാജന് പറഞ്ഞു.
പുതുപ്പള്ളിയില് യുഡിഎഫിന് ഉണ്ടായത് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിക്കാത്ത വിജയമാണെന്നും ഇ പി ജയരാജന് അഭിപ്രായപ്പെട്ടു. ഇടതുപക്ഷ വിരുദ്ധ നിലപാട് പൊതുവെ ഉണ്ടാകാന് പാടില്ലാത്തതാണ്. ഉമ്മന്ചാണ്ടിയുടെ മരണത്തിന് ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് വന്നത് യുഡിഎഫിന് ഉപയോഗപ്പെടുത്താന് സാധിച്ചുവെന്നും ഇ പി ജയരാജന് കണ്ണൂരില് പറഞ്ഞു.
'തിരഞ്ഞെടുപ്പ് കമ്മീഷന് സാധാരണ ഇത്തരം നിലപാട് എടുക്കാറില്ല. ഒരു പാര്ട്ടിയോടും ആലോചിക്കാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സഹതാപം നിലനിര്ത്താനും ഉണ്ടാക്കാനും ആസൂത്രിത ശ്രമം ഉണ്ടായി. ഉമ്മന്ചാണ്ടിയുടെ കല്ലറയിലേക്ക് ആളുകളെ എത്തിച്ചു. ഇതെല്ലാം വോട്ടാക്കി മാറ്റാന് യുഡിഎഫ് ശ്രമിച്ചു.' എന്നും ഇ പി ജയരാജന് പറഞ്ഞു.
എല്ഡിഎഫ് ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. പ്രശ്നങ്ങള് ഉണ്ടെന്ന് വരുത്തി തീര്ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇ പി ജയരാജന് പറഞ്ഞു. സംസ്ഥാനത്തെ ഭരണം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഹൈജാക് ചെയ്തെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമര്ശനത്തേയും ഇ പി ജയരാജന് തളളി.
ദുര്ബലമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. അത്തരത്തിലുള്ള ആരോപണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്ന്നത്. ഇത്തരം ആരോപണങ്ങള് ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന് ചേരുന്നതല്ലെന്നും ഇ പി ജയരാജന് കുറ്റപ്പെടുത്തി.