
തിരുവനന്തപുരം: ഐഎസ്ആര്ഒ നടത്തിയ വിഎസ്എസ്സിയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷ തട്ടിപ്പിൽ അറസ്റ്റിലായത് മുഖ്യപ്രതികള്. പ്രതികൾ കുറ്റം സമ്മതിച്ചു. ഹരിയാനയിൽ നിന്ന് കേരള പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായവർക്ക് പരീക്ഷയ്ക്ക് ഉത്തരം പറഞ്ഞുകൊടുത്തവരാണ് ശനിയാഴ്ച പിടിയിലായത്.
ഹരിയാന സ്വദേശികളായ സുനിൽ (26), സുമിത്ത് (25) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. തട്ടിപ്പ് അസൂത്രണം നടത്തിയത് ഹരിയാനയിൽ വെച്ചെന്നും തട്ടിപ്പിന് പിന്നിൽ വൻ സംഘമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വലിയ തുകയാണ് ആൾമാറാട്ടത്തിന് പ്രതിഫലമായി നൽകിയത്. പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം സൗകര്യം ഒരുക്കിയിരുന്നു.
വയറിൽ ക്യാമറ കെട്ടിവെച്ച് ചിത്രം എടുത്ത് പുറത്തേക്ക് അയച്ച് ബ്ലൂടൂത്തും സ്മാർട്ട് വാച്ചും ഉപയോഗിച്ചായിരുന്നു പരീക്ഷയ്ക്ക് കോപ്പിയടിച്ചത്. പരീക്ഷയിൽ ഹരിയാനക്കാരായ 469 പേർ പങ്കെടുത്തിരുന്നു. അതേ സ്ഥലത്ത് നിന്ന് ഇത്രയുമധികം പേർ പരീക്ഷയെഴുതിയതിനാൽ തട്ടിപ്പ് വ്യാപകമെന്നാണ് സംശയിക്കുന്നത്.