'നീതിക്കായുളള പോരാട്ടം തുടരും'; പലസ്തീന്‍ അനുകൂല നിലപാടിന്റെ പേരില്‍ യുഎസ് ജയിലിലിട്ട വിദ്യാര്‍ത്ഥിനി

'എനിക്ക് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണയ്ക്കും കരുതലിനും ഞാന്‍ എന്നും നന്ദിയുളളവളാണ്'-റുമൈസ പറഞ്ഞു

dot image

വാഷിംഗ്ടണ്‍: നീതിക്കായുളള പോരാട്ടം തുടരുമെന്ന് പലസ്തീന്‍ അനുകൂല നിലപാടിന്റെ പേരില്‍ യുഎസ് ജയിലിലടച്ച ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി റുമൈസ ഒസ്ടര്‍ക്. രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ റുമൈസ ആറ് ആഴ്ച്ചയിലേറെ തടവില്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം റുമൈസ ലൂസിയാന ജയില്‍ മോചിതയായിരുന്നു. ലൂസിയാന ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിനി ബോസ്റ്റണിലേക്ക് മടങ്ങി. വളരെ ബുദ്ധിമുട്ടേറിയ സമയമാണെങ്കിലും പഠനത്തിലേക്ക് തിരികെപോകാന്‍ സാധിച്ചതില്‍ താന്‍ ആവേശത്തിലാണെന്ന് റുമൈസ മാധ്യമങ്ങളോട് പറഞ്ഞു.

'കഴിഞ്ഞ 45 ദിവസം എന്റെ പഠനത്തിന് നിര്‍ണായകമായ സമയമായിരുന്നു. ആ സമയത്ത് എനിക്ക് എന്റെ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും നഷ്ടപ്പെട്ടു. എന്നാല്‍ എനിക്ക് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണയ്ക്കും കരുതലിനും ഞാന്‍ എന്നും നന്ദിയുളളവളാണ്'-റുമൈസ പറഞ്ഞു. കേസ് തുടരുമെന്നും അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെ നിരന്തരം പ്രതിഷേധമുയര്‍ത്തുന്ന വിദ്യാര്‍ത്ഥിയാണ് റുമൈസ ഒസ്ടര്‍ക്. ടഫ്റ്റ്‌സ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ റുമൈസ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇവരെ കഴിഞ്ഞ മാസമാണ് യുഎസ് ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ കസ്റ്റഡിയിലെടുത്തത്. ഇസ്രായേലുമായുളള അക്കാദമിക് ബന്ധങ്ങള്‍ വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് റുമൈസ ഉള്‍പ്പെടെയുളള വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി പോര്‍ട്ടലില്‍ എഴുതിയ ലേഖനമാണ് നടപടിക്ക് കാരണമായത്. റുമൈസ ഹമാസ് അനുകൂല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് ആരോപിക്കുന്നത്. ഫലസ്തീനെ പിന്തുണച്ചതിന്റെ പേരില്‍ നിരവധി വിദ്യാര്‍ത്ഥികളെ ട്രംപ് ഭരണകൂടം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlights: tufts university student rumeysa ozturk returned to boston after jail release

dot image
To advertise here,contact us
dot image