
തിരുവനന്തപുരം: ആൻ്റോ ആൻ്റണി എംപിക്കെതിരെ പരോക്ഷമായ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാവപ്പെട്ട സഹകാരികളെ വഞ്ചിച്ച് പാർട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരിൽ ഒരു ആരോപണവും താൻ കേട്ടിട്ടില്ലായെന്നും പൊതു ജീവിതത്തിൽ ഒരു രൂപയുടെ പോലും അഴിമതി ആരോപണങ്ങളും നാളിതുവരെ കേൾപ്പിച്ചിട്ടില്ലായെന്നും കെ മുരളീധരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരന്റെയും ഉമ്മൻചാണ്ടിയുടെയും ആർ ശങ്കറിന്റെയും സ്മൃതികുടീരങ്ങളിൽ പുഷ്പാർച്ചന നടത്തിയ ചടങ്ങിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മുരളീധരൻ്റെ പോസ്റ്റ്. നാളെ ചുമതല ഏറ്റെടുക്കുന്ന കെപിസിസിയുടെ പുതിയ നേതൃത്വത്തിന് അഭിനന്ദനങ്ങളും വിജയാശംസകളും നേരുന്നതായും പോസ്റ്റിൽ പറയുന്നു.
കെ മുരളീധരൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
മുൻ മുഖ്യമന്ത്രിമാരായ ശ്രീ.കെ കരുണാകരന്റെയും ശ്രീ.ഉമ്മൻചാണ്ടിയുടെയും ശ്രീ.ആർ.ശങ്കറിന്റെയും സ്മൃതികുടീരങ്ങളിൽ പുഷ്പാർച്ചന നടത്തി നാളെ ചുമതല ഏറ്റെടുക്കുന്ന കെപിസിസിയുടെ പുതിയ നേതൃത്വത്തിന് അഭിനന്ദനങ്ങളും ഒപ്പം എല്ലാ വിജയാശംസകളും നേരുന്നു.
നാളിതുവരെ എന്നെ പാർട്ടി ഏൽപ്പിച്ച ഏതൊരു ഉത്തരവാദിത്വവും നൂറ് ശതമാനം ആത്മാർത്ഥതയോടും സത്യസന്ധതയോടും ചെയ്തിട്ടുണ്ട്.
കേരളത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ആത്മാഭിമാനമായ കെപിസിസി ആസ്ഥാന മന്ദിരം ഇന്ദിരാഭവൻ പടുത്തുയർത്തിയത് ഞാൻ കെപിസിസി പ്രസിഡന്റായിരിക്കുമ്പോഴാണ്.
രാപകലില്ലാതെ കേരളം മുഴുവൻ സഞ്ചരിച്ച് പ്രവർത്തകരോടൊപ്പം ചേർന്നു കേരളത്തിൽ ഓരോ ബൂത്ത് കമ്മിറ്റികളും ചലിപ്പിച്ച് സംഘടനയെ ശക്തമാക്കിയ കാലഘട്ടം. നിർജീവമായിരുന്ന ജയ്ഹിന്ദും വീക്ഷണവും ഒക്കെ സജീവമായ കാലം.
പാവപ്പെട്ട സഹകാരികളെ വഞ്ചിച്ച് പാർട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരിൽ ഒരു ആരോപണവും ഞാൻ കേട്ടിട്ടില്ല. പൊതു ജീവിതത്തിൽ ഒരു രൂപയുടെ പോലും അഴിമതി ആരോപണങ്ങളും നാളിതുവരെ കേൾപ്പിച്ചിട്ടില്ല.
പിന്നെ വട്ടിയൂർക്കാവിലും നേമത്തും വടകരയിലും തൃശ്ശൂരിലും ഒക്കെ പോരാട്ടത്തിന് ഇറങ്ങിയത് അധികാരത്തിനു വേണ്ടിയായിരുന്നില്ല. രാജ്യത്തെ ഭിന്നിപ്പിക്കുന്ന വർഗീയതക്കെതിരെ മതേതരത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു പലതും. പാർട്ടിയുടെയും പ്രവർത്തകരുടെയും ആത്മാഭിമാനം സംരക്ഷിക്കാനായിരുന്നു പല മത്സരങ്ങളും.
ഒടുവിൽ പ്രിയപ്പെട്ട രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ കേരളം മുഴുവൻ കാൽനടയായി സഞ്ചരിച്ചതും കോൺഗ്രസിലും മതേതരത്വത്തിലുമുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്.
രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടത്തിനൊപ്പം അവസാനശ്വാസം വരെ ഞാൻ ഉണ്ടാവും.
ജനങ്ങളെ അണിനിരത്തി കേരളത്തിൽ പിണറായി വിജയന്റെ ദുർഭരണത്തിന് അന്ത്യം കുറിക്കാൻ യുഡിഎഫിന്റെയും കെപിസിസിയുടെയും പുതിയ നേതൃത്വത്തിനൊപ്പം ശക്തമായി നിലകൊള്ളും.
തനിക്കെതിരേ ഒരു വിഭാഗം സൈബർ ആക്രമണം നടത്തുന്നുണ്ടെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് ഉപജാപക സംഘമാണെന്നും ആരോപിച്ച് ആൻ്റോ ആൻ്റണി രംഗത്തെത്തിയിരുന്നു. ബിജെപിയിലെ ചിലരുടെ സഹായത്തിലാണ് ഈ പ്രവർത്തനം നടത്തിയതെന്നും ആൻ്റോ ആൻ്റണി പറഞ്ഞിരുന്നു.
ഇതിന് മുൻപും കെ മുരളീധരൻ ആൻ്റോ ആൻ്റണിക്കെതിരെ പേര് പറയാതെ വിമർശനം ഉയർത്തിയിരുന്നു. കേരളത്തിലെ കോൺഗ്രസുകാർക്ക് ഫോട്ടോ കണ്ടാൽ മനസിലാവുന്ന ആളായിരിക്കണം കെപിസിസി പ്രസിഡൻ്റാകേണ്ടത് എന്നായിരുന്നു കെ മുരളീധരൻ്റെ പരാമർശം.
Content Highlights- 'I have not heard any allegations that the cooperative society has been compromised'; K Muraleedharan indirectly criticizes Anto Antony