കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്

കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്ന വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കി നൽകരുതെന്ന് കമ്പനികളോട് ആവശ്യപ്പെടാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനം

dot image

തിരുവനന്തപുരം: കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ കടുത്ത നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് നീക്കം. കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്ന വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കി നൽകരുതെന്ന് കമ്പനികളോട് ആവശ്യപ്പെടാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് തടയിടാൻ ലക്ഷ്യമിട്ടാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്ന വാഹനങ്ങൾ പൂട്ടാനാണ് തീരുമാനം. ഇത്തരം വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കി നൽകരുതെന്ന് കമ്പനികളോട് ആവശ്യപ്പെടും. ഇതുവഴി വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയാണ് ലക്ഷ്യം. ഇൻഷുറൻസ് വിഭാഗങ്ങളുമായി ആശയവിനിമയം നടത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്തിനെ ഗതാഗത വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഐആർഡിഎ, ജനറൽ ഇൻഷുറൻസ് കൗൺസിൽ പ്രതിനിധികളുമായി ശ്രീജിത്ത് ചർച്ച നടത്തും.

നിയമലംഘനങ്ങൾ അടിസ്ഥാനമാക്കി വാഹന ഇൻഷുറൻസ് പ്രീമിയം നിശ്ചയിക്കണമെന്ന നിർദ്ദേശവും ഗതാഗത വകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന വാഹനങ്ങളുടെ പ്രീമിയം വർധിപ്പിക്കും. നിയമം ലംഘിക്കാത്ത വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവ് നൽകാനാണ് കമ്പനികളോട് ആവശ്യപ്പെടുക. അപകട നിരക്ക് കുറയുന്നതിന്റെ നേട്ടം കമ്പനികൾക്കാണെന്ന് ഗതാഗത വകുപ്പ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ഇൻഷുറൻസ് കമ്പനികളുടെ സഹായം തേടുന്നത്.

റോഡ് അപകടങ്ങൾ കുറയ്ക്കാനും കുറ്റകൃത്യങ്ങൾ തടയാനും വ്യത്യസ്തമായ പദ്ധതികൾക്കാണ് രൂപം നൽകുന്നത്. ഇൻഷുറൻസ് കമ്പനികളുടെ സഹായത്തോടെ ഒരേസമയം ഗതാഗത നിയമലംഘനവും കുറ്റകൃത്യങ്ങളും നിയന്ത്രിക്കാൻ കഴിയുമെന്ന് പ്രതീക്ഷയാണ് മോട്ടോർ വാഹന വകുപ്പിന്.

dot image
To advertise here,contact us
dot image