
കോഴിക്കോട്: മിച്ചഭൂമി കേസിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ പി വി അൻവർ എംഎൽഎക്ക് ലാൻഡ് ബോർഡ് 25 ആം തീയതി വരെ സമയം അനുവദിച്ചു. ഇന്ന് കോഴിക്കോട് താമരശ്ശേരിയിൽ ചേർന്ന സിറ്റിങ്ങിലാണ് തീരുമാനം. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും.
ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് പി വി അൻവർ എംഎൽഎക്കെതിരായ മിച്ചഭൂമി കേസ് ലാൻഡ് ബോർഡ് തിടുക്കത്തിൽ പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിൽ നടപടി വൈകിയതിൽ മാപ്പ് അപേക്ഷിച്ച സോണൽ ലാൻഡ് ബോർഡ് ചെയർമാൻ തുടർ നടപടികൾ പൂർത്തിയാക്കുന്നതിന് മൂന്ന് മാസത്തെ സമയം തേടിയിരുന്നു. കൂടുതൽ രേഖകൾ ഹാജരാകുന്നതിന് ലാൻഡ് ബോർഡ് അൻവറിന് 25 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
അതേസമയം, പി വി അൻവറിൻ്റെ അധികഭൂമിയിൽ താലൂക്ക് ലാൻഡ് ബോർഡ് ഓതരൈസ്ഡ് ഓഫീസർ റിപ്പോർട്ട് നൽകി. പി വി അൻവറിൻ്റെയും കുടുംബത്തിൻ്റെയും കൈവശം 22.41 ഏക്കർ ഭൂമിയാണ് ഉള്ളതെന്നാണ് റിപ്പോർട്ട്. ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാതെ കേസ് നീട്ടി കൊണ്ടുപോവുകയാണ് അൻവർ ചെയ്യുന്നതെന്ന് പരാതിക്കാരൻ കെ വി ഷാജി പറഞ്ഞു.
2021ലും പിന്നീട് 2022 ജനുവരിയിലും പി വി അൻവറിന്റെ കൈവശമുള്ള അധിക ഭൂമിയിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിർദേശങ്ങൾ അവഗണിക്കപ്പെട്ടത്തോടെ ഭൂരഹിതനും വിവരാവകാശ പ്രവർത്തകനുമായ കെ വി ഷാജി സമര്പ്പിച്ച കോടതിയലക്ഷ്യ ഹര്ജിയിലാണ് നിലവിലെ നടപടികൾ. താമരശ്ശേരിയിൽ നടന്ന സിറ്റിങ്ങിൽ പി വി അൻവറിന് വേണ്ടി അഭിഭാഷകൻ സന്ദീപാണ് ഹാജരായത്.