രണ്ടര മണിക്കൂറില് കൈക്കൂലി 16,450 രൂപ; ജീവനക്കാരുടെ കീശ നിറച്ച് ഗോവിന്ദാപുരം ചെക്പോസ്റ്റ്

നികുതിയിനത്തില് സര്ക്കാരിനുള്ള പ്രതിദിന വരുമാനം 12,900 രൂപയാണ്

dot image

പാലക്കാട്: മോട്ടോര് വാഹന വകുപ്പിന്റെ ഗോവിന്ദാപുരം ചെക്പോസ്റ്റില് വിജിലന്സ് നടത്തിയ പരിശോധനയിൽ കൈക്കൂലിപ്പണം പിടികൂടി. നികുതിയിനത്തില് ഇവിടെ സര്ക്കാരിനുള്ള പ്രതിദിന വരുമാനം 12,900 രൂപയാണ്. എന്നാല് രണ്ടരമണിക്കൂറില് കൈക്കൂലിപ്പണമായി ജീവനക്കാര് പിരിച്ചെടുക്കുന്നത് 16,450 രൂപയാണ്. ചരക്കുവാഹനങ്ങളുള്പ്പെടെ അന്യസംസ്ഥാനങ്ങളില്നിന്ന് വരുന്ന വാഹനങ്ങള് പരിശോധിക്കാതെ ജീവനക്കാര് കൈക്കൂലിവാങ്ങി കടത്തിവിടുന്നുവെന്ന രഹസ്യവിവരത്തെത്തുടര്ന്നാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്.

തിങ്കളാഴ്ച അര്ധരാത്രിയോടെ വിജിലന്സ് ഉദ്യോഗസ്ഥര് വേഷംമാറി നിരീക്ഷണം നടത്തി. പാലക്കാട് വിജിലന്സ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് ഷംസുദീന്റെ നിര്ദേശപ്രകാരമായിരുന്നു പരിശോധന. ഗോവിന്ദാപുരം ചെക്പോസ്റ്റില് കൈക്കൂലി വാങ്ങുന്നതും പണം ഒളിപ്പിക്കുന്നതുമെല്ലാം ഈ സമയത്ത് കണ്ടെത്തി. സമീപത്തെ ചായക്കടക്കാരന്, ചായ നല്കാനെന്ന വ്യാജേന ചെക്പോസ്റ്റിലെത്തിയപ്പോള് ജീവനക്കാരിലൊരാള് ഒരുകെട്ട് നോട്ട് കൈമാറുന്നത് കൈയ്യോടെ പിടികൂടുകയായിരുന്നു. ഇതില് 5,000 രൂപയുണ്ടായിരുന്നു.

തുടര്ന്ന് നടത്തിയ പരിശോധനയില് ചെക്പോസ്റ്റ് കൗണ്ടറിനകത്ത് കടലാസില് പൊതിഞ്ഞനിലയിൽ ആകെ 16,450 രൂപ രേഖകളില്ലാത്തനിലയില് കണ്ടെടുത്തു. തമിഴ്നാട്ടില്നിന്നും മറ്റുമായി ധാരാളം വാഹനങ്ങള് കടന്നുപോകുന്ന ചെക്പോസ്റ്റില് നികുതിയും പിഴയും മറ്റുമായി ഒരു ദിവസം സര്ക്കാരിനുള്ള വരുമാനം 12,900 രൂപയാണെന്നും കണക്കുകളില് വ്യക്തമായി. വിജിലന്സ് പൊലീസ് ഇന്സ്പെക്ടര് എസ് പി സുജിത്, ജി എസ് ടി ഓഫീസര് പി മനോജ്, വിജിലന്സ് സബ് ഇന്സ്പെക്ടര്മാരായ ബി സുരേന്ദ്രന്, കെ മനോജ് കുമാര്, സീനിയര് സിവില് പൊലീസ് ഓഫീസര്മാരായ പിആര് രമേശ്, പി പ്രമോദ് എന്നിവരാണ് പരിശോധന നടത്തിയത്.

dot image
To advertise here,contact us
dot image