
തിരുവനന്തപുരം: കെഎസ്ആർടിസി ഗ്രാമവണ്ടി നഷ്ടത്തിലാകില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഭാവിയിൽ ഏറ്റവും വിജയകരം ഗ്രാമവണ്ടിയായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഗ്രാമ വണ്ടി സർവീസിന് സന്നദ്ധമാകണം. പൊതു ജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ഡീസൽ സ്പോൺസർ ചെയ്യാം. ഉൾപ്രദേശങ്ങളിൽ സർവ്വീസ് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കെഎസ്ആർടിസിയിൽ സമരം കടുപ്പിക്കാൻ ടിഡിഎഫ് തീരുമാനിച്ചു. തിങ്കളാഴ്ച സമരം പുനഃരാരംഭിക്കാനാണ് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫിന്റെ തീരുമാനം. ഗതാഗത മന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കും. സിഎംഡി ബിജു പ്രഭാകർ വീഡിയോ പുറത്തിറക്കിയതിന് പിന്നാലെ കെഎസ്ആർടിസി പ്രതിസന്ധി വിശദീകരിച്ച് ടിഡിഎഫും വീഡിയോ പുറത്തിറക്കും.
സമരത്തിൽ നിന്നും സിഐടിയു പിൻമാറിയിരുന്നു. സർക്കാർ ഉറപ്പ് ലഭിച്ചെന്ന് പറഞ്ഞാണ് കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ പിൻമാറിയത്. അടുത്ത മാസം ശമ്പളം കൃത്യമായി നൽകിയില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്നും സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. കുടിശ്ശികയുള്ള ശമ്പളം ചൊവ്വാഴ്ച വിതരണം ചെയ്യുമെന്നാണ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.