വെടിനിർത്തലിൻ്റെ മൂന്നാം ദിനം; 13 ബന്ദികളെ ഹമാസും 39 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു

വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ സൈന്യത്തിൻ്റെ നടപടികളിൽ ആറ് പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു
ഫയൽ ചിത്രം
ഫയൽ ചിത്രം

റഫ: വെടിനിര്‍ത്തലിന്റെ മൂന്നാം ദിനം കൂടുതല്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്. 13 ബന്ദികളെ മോചിപ്പിച്ചതായി ഹമാസ് അറിയിച്ചു. ഇസ്രയേല്‍ പൗരന്മാരേയും നാല് വിദേശികളേയും റെഡ് ക്രോസിന് കൈമാറിയെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. മൂന്ന് തായ്‌ലൻഡുകാരും ഇസ്രയേൽ പൗരത്വമുള്ള റഷ്യക്കാരനും ഉൾപ്പെടെയുള്ളവരെയാണ് വിട്ടയച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേൽ ജയിലിൽ തടവിലുണ്ടായിരുന്ന 39 പലസ്തീൻ തടവുകാരെ വിട്ടയച്ചതായി ഇസ്രയേലും അറിയിച്ചിട്ടുണ്ട്. ഇതിനിടെ വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ പരിശോധനകളില്‍ ആറ് പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ റെയ്ഡ് തുടരുകയാണ്. വെടിനിര്‍ത്തലിന്റെ മൂന്നാം ദിവസം കൂടുതല്‍ ട്രക്കുകള്‍ ഗാസയിലേക്ക് എത്തിച്ചേര്‍ന്നു.

ബന്ദിയാക്കപ്പെട്ട നാല് വയസ്സുള്ള അമേരിക്കൻ പൗരൻ അബിഗെയ്ൽ എഡനെ ഹമാസ് മോചിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. അമേരിക്കൻ പൗരത്വമുള്ള 45കാരിയായ ഒരു സ്ത്രീയെയും ഹമാസ് മോചിപ്പിച്ചിട്ടുണ്ട്.. കൂടുതൽ അമേരിക്കൻ തടവുകാരെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബൈഡൻ വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാൻ ഖത്തർ അമീർ, ഈജിപ്ത് പ്രസിഡൻ്റ്, ഇസ്രായേൽ പ്രധാനമന്ത്രി എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ബൈഡൻ വ്യക്തമാക്കി.

ഇതിനിടെ ഹമാസ്-ഇസ്രയേൽ പേരാട്ടം ആരംഭിച്ച ഒക്ടോബർ 7 മുതൽ 3,200 പലസ്തീനികൾ തടവിലായതായി റിപ്പോർട്ട്. തടവുകാരുടെ അവകാശങ്ങൾക്കായുള്ള സംഘടനയായ പലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരെ തടവുകാരാക്കിയത്. ഒക്ടോബർ ഏഴ് മുതൽ 120 സ്ത്രീകളെയും 145 കുട്ടികളെയുമാണ് അറസ്റ്റ് ചെയ്തത്. 41 മാധ്യമപ്രവർത്തകർ അറസ്റ്റിലായി, 29 പേർ ഇപ്പോഴും തടങ്കലിലാണെന്നും പ്രിസണേഴ്സ് സൊസൈറ്റി വ്യക്തമാക്കി. 1,624 അഡ്മിനിസ്ട്രേറ്റീവ് തടങ്കൽ ഉത്തരവുകൾ പുറപ്പെടുവിക്കുകയോ പുതുക്കുകയോ ചെയ്തതായും 6 തടവുകാർ കസ്റ്റഡിയിലോ തടങ്കലിലോ മരിച്ചതായും ഇവർ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com