
ഇന്ത്യൻ സിനിമയ്ക്ക് കമൽഹാസൻ എന്നാൽ ആരാണ്? ഒരു നടന്? സംവിധായകന്? നിർമ്മാതാവ്?... കമൽഹാസൻ ഇതെല്ലാമാണ്. എന്നാല് ഈ നിർവചനങ്ങളില് ഒന്നും ഒതുങ്ങുന്നുമില്ല കമല്ഹാസന് എന്ന പ്രതിഭ. ഒരു നടന് എന്ന ചട്ടക്കൂടിന് പുറത്ത് കടന്ന് തിരക്കഥ, സംവിധാനം, നിര്മ്മാണം, വിതരണം, ഗാനരചന, സംഗീതം, ആലാപനം, നൃത്തസംവിധാനം, മേക്കപ്പ് എന്നിങ്ങനെ ഒരു സിനിമയുടെ സര്വ്വ മേഖലകളിലും തന്റെ സാന്നിധ്യമറിയിച്ച കലാകാരൻ, അതാണ് കമൽ ഹാസൻ. സാന്നിധ്യം അറിയിച്ചു എന്ന് പറഞ്ഞാല് പോര, എല്ലാ മേഖലകളിലും കമല് നിറഞ്ഞു നിന്നു. കമല് എന്ന സകലകലാവല്ലഭന്റെ മികവിനെ ലോക സിനിമ പോലും പലതവണ വാഴ്ത്തി പാടിയിട്ടുണ്ട്. അതിനാല് തന്നെ അക്ഷരം തെറ്റാതെ നമുക്ക് അദ്ദേഹത്തെ വിളിക്കാം ഉലകനായകന് എന്ന്.