

വടശ്ശേരി ദാമോദര മേനോന് സതീശന് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കണ്ടുവന്ന ഒരു പ്രതിഭാസമുണ്ടായിരുന്നു. നിങ്ങള്‍ ഒരു പക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാകും. റിപ്പോര്‍ട്ടറിന് നേരിട്ടുണ്ടായ അനുഭവത്തില്‍ നിന്ന് പറഞ്ഞ് തുടങ്ങാം. കുറച്ച് നാളുകള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ടറിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ നല്‍കിയിരുന്ന ന്യൂസ് കാര്‍ഡുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മെറ്റ നീക്കം ചെയ്തു. അതില്‍ അധികവും മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രങ്ങള്‍ നല്‍കികൊണ്ടുള്ള ന്യൂസ് കാർഡുകളായിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന കാര്‍ഡുകള്‍ നീക്കം ചെയ്യുന്നതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടെന്നുള്ള ശക്തമായ വാദം അന്ന് റിപ്പോര്‍ട്ടര്‍ ഉയര്‍ത്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അത് തള്ളി. 'ഞാനോ എന്റെ ഓഫീസോ പറഞ്ഞാല്‍ മാധ്യമങ്ങള്‍ നല്കുന്ന വാര്‍ത്തകള്‍ മെറ്റ റിമൂവ് ചെയ്യുമോ, ഞാന്‍ പറഞ്ഞാല്‍ മെറ്റ കേള്‍ക്കുമോ' എന്നായിരുന്നു വി ഡി സതീശന് ചോദിച്ചത്. അന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ 'ടെക്നിക്കല്‍ ഗ്ലിച്ച്' എന്ന് പറഞ്ഞ് അന്ന് സതീശന് വേണ്ടി വേദമോതി. ഒടുവില്‍ റിപ്പോര്‍ട്ടര്‍ ഒരു തീരുമാനമെടുത്തു. ഇനി മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ നല്‍കികൊണ്ടുള്ള കാര്‍ഡുകള്‍ അദ്ദേഹത്തിന്റെ നിഴല്‍ ചിത്രം നല്കി മാത്രം പോസ്റ്റ് ചെയ്യാം. ആ തീരുമാനം ഫലം കണ്ടു. സതീശന്റെ നിഴല്‍ ചിത്രം നല്‍കിയുള്ള കാര്‍ഡുകള്‍ മെറ്റ നീക്കം ചെയ്തിട്ടില്ല.

ഇപ്പോഴിതാ സര്‍ക്കാരിന് തന്നെ ഹൈക്കോടതിയില്‍ മെറ്റയ്ക്ക് നിര്‍ദേശം നല്കിയ കാര്യം സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പേജ് നീക്കം ചെയ്തതിനെതിരെ സ്വതന്ത്ര മാധ്യമ സ്ഥാപനമായ നോക്യാപ് ഹൈക്കോടതിയില്‍ നല്കിയ ഹർജിയിൽ, മെറ്റയോട് ചില കമന്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു എന്നാണ് സര്‍ക്കാര്‍ പ്ലീഡര്‍ അറിയിച്ചത്. ഇതോടെ കമന്റ് നീക്കം ചെയ്ത് പേജ് പുനഃസ്ഥാപിക്കാന്‍ ജസ്റ്റിസ് സിയാദ് റഹ്മാന് അനുമതി നല്കി. നോക്യാപ് നടത്തിയ നിയമപോരാട്ടത്തില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പൊതുസമൂഹത്തിനും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും മുഖമടിച്ചുള്ള മറുപടി കൂടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.

മെറ്റയുടെ ഇടപെടല്‍ മൂലം സോഷ്യല്‍ മീഡിയയില്‍ നിന്ന് ന്യൂസ് കാര്‍ഡുകള്‍ നീക്കം ചെയ്യപ്പെട്ടത് റിപ്പോര്‍ട്ടറിന്റെ മാത്രമായിരുന്നില്ല. ന്യൂസ് മലയാളം, ദേശാഭിമാനി, കൈരളി, ടി21 തുടങ്ങിയ മാധ്യമങ്ങളുടെ കാര്‍ഡുകളും യാതൊരു മുന്നറിയിപ്പുമില്ലാതെ മെറ്റ നീക്കം ചെയ്തു. ഏറ്റവും ഒടുവിലാണ് നോക്യാപിൻ്റെ പേജ് തന്നെ മെറ്റയുടെ നിര്‍ദേശ പ്രകാരം ഒറ്റയടിക്ക് ബാന്‍ ചെയ്തത്. ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലൂന്നി, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമസ്ഥാപനത്തിന് മേലുള്ള മെറ്റയുടെ കടന്നുകയറ്റമായിരുന്നു അത്. ജനങ്ങളിലേക്ക് വാര്ത്തയെത്തിക്കുന്നതിൽ നോക്യാപ്പ് പ്രധാനമായും ഉപയോഗിച്ചിരുന്ന പ്ലാറ്റ്ഫോമായിരുന്നു ഫേസ്ബുക്ക് എന്നതുകൊണ്ടുതന്നെ, മെറ്റയുടെ നീക്കത്തില്‍ വെറുതെ കയ്യും കെട്ടി നോക്കി നില്ക്കാന് നോക്യാപിന് കഴിയുമായിരുന്നില്ല. ഭരണഘടന അടിസ്ഥാനപ്പെടുത്തി വിധി നിര്‍ണയിക്കുന്ന കോടതി മാത്രമായിരുന്നു നോക്യാപ്പിന് മുന്നിലെ ഏക വഴി. അവര്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. നോക്യാപ്പ് ചീഫ് എഡിറ്റര്‍ ഹൈദര്‍ അലി കെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചു. ഒരു മാസത്തിലധികം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ നവംബര്‍ അഞ്ചാം തീയതി നോ ക്യാപിന്റെ പേജ് പുനഃസ്ഥാപിക്കപ്പെട്ടു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നടത്തിയ നോക്യാപിന്റെ നിയമപോരാട്ടം വിജയം കണ്ടു. ഇതേപ്പറ്റി നോക്യാപ് ചീഫ് എഡിറ്റർ ഹൈദർ അലി റിപ്പോർട്ടറിനോട് പ്രതികരിച്ചു.

നോക്യാപിന്റെ നിയമപോരാട്ടം
2026 സെപ്റ്റംബര്‍ 28നായിരുന്നു നോക്യാപ്പിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കിയത്. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന് ചൂണ്ടിക്കാട്ടി വിവരസാങ്കേതികവിദ്യാ നിയമത്തിലെ വകുപ്പ് 79(b)(3) പ്രകാരം നടപടിയെന്നായിരുന്നു മെറ്റയുടെ അറിയിപ്പെന്ന് ഹൈദര്‍ അലി പറഞ്ഞു. പരിശോധിച്ചപ്പോള്‍ പേജ് ഇന്ത്യയില്‍ മാത്രം ലഭ്യമാകുന്നില്ലെന്ന് മനസിലായി. ഇതോടെ ടെക്നിക്കല്‍ ടീമുമായി ബന്ധപ്പെട്ടു. നിയമവിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ മെറ്റയോട് നേരിട്ട് ചലഞ്ച് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനയില്‍ ഓരോ വ്യക്തിക്കും അത്രത്തോളം പ്രാധാന്യത്തോടെ അനുവദിച്ചിട്ടുള്ളതാണ്. എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് തങ്ങള്‍ക്ക് അറിയണമായിരുന്നു. അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി മെറ്റ പോലുള്ള ഒരു കുത്തക പ്ലാറ്റ്ഫോം എങ്ങനെയാണ് തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടവിലാക്കുന്നത്?. ഇത് കോടതിയില്‍ മാത്രം ഉയര്‍ത്താന്‍ കഴിയുന്ന ചോദ്യമായിരുന്നു. കോടതി മാത്രമായിരുന്നു തങ്ങളുടെ മുന്നിലുണ്ടായിരുന്നതെന്നും ഹൈദര്‍ അലി പറഞ്ഞു.

കമന്റ് നീക്കം ചെയ്യാന്‍ ഇടപെട്ടത് സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നു
അങ്ങനെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ 75 പേജ് വരുന്ന പരാതി നല്കി. ഭരണഘടന മുന്‍നിര്‍ത്തിയും മതനിരപേക്ഷ മൂല്യം ഉയര്‍ത്തിപ്പിടിച്ചും നടത്തുന്ന മാധ്യമപ്രവര്‍ത്തനത്തെ എങ്ങനെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനമായി മുദ്രകുത്തുകയെന്ന ചോദ്യം ഹര്‍ജിയില്‍ ഉയര്‍ത്തിയതായി ഹൈദര്‍ അലി പറഞ്ഞു. ഏത് ഉള്ളടക്കത്തെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനമായി കണ്ട് തടഞ്ഞത്?, അതിനുള്ള നിര്‍ദേശം ആരാണ് നല്‍കിയത് തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ത്തി. പരാതി ഫയല്‍ ചെയ്യുന്ന അതേ ദിവസം തന്നെ കോടതി അത് ലിസ്റ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാര്‍, കേരള സര്‍ക്കാര്‍, മെറ്റ എന്നിവരോട് പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചുവെന്ന് ഹൈദര്‍ അലി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് വേണ്ടി പ്ലീഡര്‍ മറുപടി നല്കി. ചില ഹേറ്റ് കമന്റുകള്‍ നീക്കം ചെയ്യാനാണ് പറഞ്ഞതെന്നും പേജ് നീക്കം ചെയ്യാന്‍ പറഞ്ഞില്ലെന്നും പ്ലീഡര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ കമന്റ് ഒഴിവാക്കി പേജ് പുനഃസ്ഥാപിക്കാന്‍ ജഡ്ജി നിര്‍ദേശിച്ചു. സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കാതിരിക്കാന്‍ ഒരുപക്ഷേ പ്ലീഡറെടുത്ത സാങ്കേതിക തീരുമാനമായിരിക്കാം അത്. ഹൈക്കോടതിയില്‍ നിന്നുണ്ടായത് പോസിറ്റീവായ ഇടപെടലാണ്. താൻ പറഞ്ഞാല്‍ ന്യൂസ് കണ്ടൻ്റ് മെറ്റ നീക്കം ചെയ്യുമോ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. അതിന് ഇതുവരെ ഉത്തരമുണ്ടായിരുന്നില്ല. അതിനുള്ള ഉത്തരമായി. സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാന്‍ സാധിച്ചു. മാധ്യമപ്രവര്‍ത്തനം തുടരാനുള്ള വഴിതുറന്നുവെന്നും ഹൈദര്‍ അലി പറഞ്ഞു.

'ഇന്ദിരാ ഗാന്ധി മുതല്‍ നരേന്ദ്ര മോദി വരെയുള്ള ഏകാധിപതികളെ ചോദ്യം ചെയ്ത പാരമ്പര്യം കേരളത്തിനുണ്ട്. അത് ഇനിയും ഉണ്ടാകണം'
ഇന്ദിരാ ഗാന്ധി മുതല്‍ നരേന്ദ്ര മോദിയെ വരെയുള്ള ഏകാധിപതികളെ രൂക്ഷമായി ചോദ്യം ചെയ്തൊരു പാരമ്പര്യം കേരളത്തിനുണ്ട്. അത് ഇനിയും ഉണ്ടാകണം എന്നുള്ള ആഗ്രഹത്തിന്റെ പുറത്തും ഭരണഘടനാപരമായ അവകാശം നിലനിര്‍ത്താന്‍ വേണ്ടിയുമാണ് ഇറങ്ങിത്തിരിച്ചതെന്നും ഹൈദര്‍ അലി പറഞ്ഞു. കേരളത്തിലെ ഭരണകൂടം, അനുബന്ധ സ്ഥാപനങ്ങള്‍, മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാവരും ചേര്‍ന്ന് വളരെ നോര്‍മലായി ഒരു മാധ്യമ സ്ഥാപനത്തിന് മേല്‍ കടന്നുകയറുകയാണ്. അതിനെ ചോദ്യം ചെയ്യണമായിരുന്നു. കോര്‍പ്പറേറ്റ് സഹായമോ സര്‍ക്കാര്‍ പരസ്യമോ ഇല്ലാതെയാണ് തങ്ങളുടെ പ്രവര്‍ത്തനം. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വളരെ ചെറിയ ഒരു മാധ്യമ സ്ഥാപനത്തെ ഒറ്റയടിക്ക് തടയാമെങ്കില്‍ ആര്‍ക്കും ഇത് സംഭവിക്കാവുന്നതാണ്.
കേരളത്തിലെ സമാന്തര മാധ്യമപ്രവര്ത്തനത്തെയാകെ തടങ്കലിലാക്കുന്ന, തടയുന്ന തരത്തിലുള്ള നീക്കമായിരുന്നു മെറ്റ നടത്തിയത്. അത് കൂടി പൊതുസമൂഹത്തിന്റെ മുന്നില്‍ വെയ്ക്കേണ്ടതുണ്ടായിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി, ന്യൂസ് മലയാളം അടക്കമുള്ള സ്ഥാപനങ്ങളുടെ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. താന്‍ പറഞ്ഞാല്‍ പിന്‍വലിക്കുമോ എന്നുള്ള വളരെ നിരുത്തരവാദിത്വപരമായ സമീപനമായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. സായോഗ് പോര്‍ട്ടല്‍ വഴി ആഭ്യന്തര വകുപ്പിനും പൊലീസിനും പരാതി നല്കിയാല് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാം എന്നുള്ളത് ഒരു വസ്തുതയാണ്. ഇത് മറച്ചുവെച്ചാണ് താന്‍ പറഞ്ഞാല്‍ മെറ്റ കേള്‍ക്കുമോ എന്ന് സതീശന് ചോദിച്ചത്. അതിനോടുള്ള പൊതുസമൂഹത്തിന്റെ നിസ്സംഗത കൂടി പരാതിക്ക് അടിസ്ഥാനമായിട്ടുണ്ട്. ഒരു മുഖ്യമന്ത്രിക്ക് അധികാരമുണ്ടോ എന്ന് പരിഹാസ രൂപേണ ചോദിക്കുകയും അത് മുഖ്യധാരാ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു. ഇതും തുറന്നുകാട്ടപ്പെടണമായിരുന്നുവെന്നും ഹൈദര്‍ അലി വ്യക്തമാക്കി.

ഭരണകാര്യങ്ങളില്‍ മുന്‍പരിചയമില്ലാത്തവര്‍, പോട്ടെ, ഭരിച്ച് പഴക്കമുള്ളവരാണെന്ന് തന്നെയിരിക്കട്ടെ, തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ അതില്‍ കഴമ്പുണ്ടെങ്കില്‍ ഉള്‍ക്കൊള്ളാം. അല്ലെങ്കില്‍ എതിര് അഭിപ്രായം ഉയര്‍ത്താം, തള്ളിക്കളയാം. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഭരണപക്ഷത്തിനെതിരെ പല വിഷയങ്ങളിലും വിമർശനം ഉന്നയിച്ച ആളാണ് വി ഡി സതീശന്. അന്ന് സതീശന് കുഴലൂതിയ മുഖ്യധാരാ മാധ്യമങ്ങള്‍, ഇപ്പോള്‍ സതീശന് അതേ പാതയില്‍ സഞ്ചരിക്കുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. കാരണം അവര്‍ അങ്ങനെയാണ്. സര്‍ക്കാരിന് തെറ്റുപറ്റിയാല്‍ ചൂണ്ടിക്കാണിക്കപ്പെടണം. അതിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും ഇവിടെ വേണം. അവര്‍ നടത്തുന്ന ഇടപെടലുകള്‍ പൊതുസമൂഹം കാണുന്നതും ഏറ്റെടുക്കുന്നതുമാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ അതിന് അവരെ വിലക്കുകയല്ല വേണ്ടത്. അത് ഒരു തരത്തിലുള്ള പകവീട്ടലാണ്. മെറ്റ പോലുള്ള കുത്തക സ്ഥാപനങ്ങളെ കൂട്ടുപിടിച്ച് വിലക്കുമായി മുന്നോട്ടുപോയാല്‍ ഇവിടെ പോരാട്ടം കൂടുതല്‍ ശക്തമാകും. ചോദ്യമുയര്‍ത്തി ഇനിയും മാധ്യമങ്ങള്‍ മുന്നോട്ടുവരും (മുഖ്യധാരാ മാധ്യമങ്ങളല്ല). അതിന് നോക്യാപ് പകര്‍ന്ന ആത്മവിശ്വാസം കരുത്താകുമെന്നതിൽ സംശയമില്ല..., കേട്ടോ മുഖ്യമന്ത്രി.
Content Highlights- Nocap's legal battle over alleged interference with media freedom has reportedly resulted in a setback for Meta and Satheesan. The development highlights a legal dispute concerning press freedom and the role of social media platforms.