യുഎഇയിൽ മഴയ്ക്ക് പിന്നാലെ തണുപ്പ് കൂടും; രാത്രിയിൽ താപനില 20 ഡിഗ്രിയിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്

വരും ദിവസങ്ങളിൽ കാലാവസ്ഥാ സംവിധാനം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു

യുഎഇയിൽ മഴയ്ക്ക് പിന്നാലെ തണുപ്പ് കൂടും; രാത്രിയിൽ താപനില 20 ഡിഗ്രിയിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്
dot image

യുഎഇയിൽ മഴയ്ക്ക് ശേഷം താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. വാരാന്ത്യത്തോടെ തീരദേശ നഗരങ്ങളിൽ രാത്രികാല താപനില 20 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. പകൽ സമയത്തെ താപനില 30 മുതൽ 31 ഡിഗ്രിയിലേക്ക് ചുരുങ്ങുമെന്നും എമിറേറ്റ്‌സ് ആസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. വടക്കുനിന്ന് എത്തുന്ന ശക്തമായ ന്യൂനമർദ സംവിധാനമാണ് രാജ്യത്ത് നിലവിലെ അസ്ഥിര കാലാവസ്ഥയ്ക്ക് കാരണം. മഴ മാറുന്നതോടെ ആഴ്ചാവസാനത്തോടെ ജനങ്ങൾക്ക് കൂടുതൽ തണുപ്പുള്ള അന്തരീക്ഷം അനുഭവപ്പെടും.

വരും ദിവസങ്ങളിൽ കാലാവസ്ഥാ സംവിധാനം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. മലയോര മേഖലകളിലും ഉൾപ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലകളിലും കനത്ത മഴ ലഭിച്ചേക്കും. ചിലയിടങ്ങളിൽ നേരിയ ചാറൽ മഴയ്ക്കും സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റിനും അത് വഴി പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ താപനിലയിൽ നാല് മുതൽ ആറ് ഡിഗ്രി വരെ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്.

വ്യാഴാഴ്ച ഉച്ചയോടെ പ്രധാന മഴസാഹചര്യം അവസാനിക്കുമെങ്കിലും വെള്ളിയാഴ്ച വടക്കൻ, കിഴക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷം തുടരും. അതേസമയം, പരമ്പരാഗത പ്രാദേശിക കാലാവസ്ഥാ കണക്കുകൂട്ടൽ രീതിയായ 'അൽ ദുറൂർ' കലണ്ടർ പ്രകാരം നവംബർ 26-നും 28-നും ഇടയിൽ ശൈത്യകാലത്തിന്റെ ആദ്യഘട്ടം ഔദ്യോഗികമായി ആരംഭിക്കുമെന്നും ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. ഇത് പ്രാദേശിക കാലാവസ്ഥാ കണക്കുകൂട്ടലിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ജ്യോതിശാസ്ത്രപരമായ ശൈത്യകാലാരംഭമല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Content Highlights: Rain and strong winds are expected across the UAE, followed by cooler weather. Night temperatures in coastal cities could fall to 20°C or 21°C by the weekend

dot image
To advertise here,contact us
dot image