

ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ സ്ഥാപന നിക്ഷേപകർ ശക്തമായി തിരിച്ചെത്തുന്നു. കഴിഞ്ഞ 15 ട്രേഡിങ് സെഷനുകളിലായി വിദേശ നിക്ഷേപകർ 7.5 ബില്യൺ ഡോളർ (ഏകദേശം 70,500 കോടി രൂപ) ഇന്ത്യൻ വിപണിയിലേക്ക് ഒഴുക്കിയതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഒക്ടോബർ മാസത്തിൽ വിപണിയിൽ വലിയ രീതിയിലുള്ള വിറ്റഴിക്കൽ നടത്തിയ ശേഷമാണ് നവംബർ ആദ്യവാരത്തോടെ വിദേശ ഫണ്ടുകൾ വൻതോതിൽ ഇന്ത്യൻ ഓഹരികളിലേക്ക് പണം നിക്ഷേപിക്കാൻ തുടങ്ങിയത്.
ഈ വൻതോതിലുള്ള പണമൊഴുക്ക് വിപണിയിലുടനീളം പൊതുവായിട്ടുള്ളതല്ല, മറിച്ച് തിരഞ്ഞെടുത്ത ചില പ്രത്യേക മേഖലകളിൽ മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സാങ്കേതികവിദ്യ, ടെലികോം എന്നീ രണ്ട് പ്രധാന മേഖലകളിലാണ് വിദേശ നിക്ഷേപകർ വലിയ രീതിയിൽ താല്പര്യം കാണിക്കുന്നത് . ആഗോള വിപണിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഓഹരികളിൽ ഉണ്ടായ തളർച്ച, സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ ഇന്ത്യയിലെ ഐടി സേവന കമ്പനികളിലേക്ക് ശ്രദ്ധ തിരിക്കാൻ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചു.
മോത്തിലാൽ ഓസ്വാൾ പുറത്തുവിട്ട ഡാറ്റ പ്രകാരം, ടെക്നോളജി മേഖലയിൽ 1.4 ബില്യൺ ഡോളറും ടെലികോം മേഖലയിൽ 700 മില്യൺ ഡോളറും വിദേശ നിക്ഷേപം എത്തിയിട്ടുണ്ട്. ജിയോ പ്ലാറ്റ്‌ഫോംസിന്റെ പുതിയ നീക്കങ്ങളാണ് ടെലികോം മേഖലയിലെ റെക്കോർഡ് ഡിമാൻഡിന് കാരണമായത്. എന്നാൽ അതേസമയം എഫ്എംസിജി (1 ബില്യൺ ഡോളർ), ഫിനാൻഷ്യൽ സർവീസസ് (1 ബില്യൺ ഡോളർ), ഓട്ടോമൊബൈൽ (800 മില്യൺ ഡോളർ) എന്നീ പരമ്പരാഗത മേഖലകളിൽ നിന്ന് വലിയ തോതിൽ വിദേശ പണം പുറത്തേക്ക് ഒഴുകുകയും ചെയ്തു.
ഇന്ത്യയുടെ ശക്തമായ മാക്രോ ഇക്കണോമിക് അടിത്തറയും കമ്പനികളുടെ മികച്ച വരുമാനവും വിപണിയിലെ തിരുത്തലുകളും വരും ദിവസങ്ങളിലും എഫ്ഐഐ താല്പര്യം നിലനിർത്താൻ സഹായിക്കുമെന്നാണ് ബ്രോക്കറേജ് വിദഗ്ധർ വിലയിരുത്തുന്നത്. ആഗോള ഭൗമരാഷ്ട്രീയ വെല്ലുവിളികൾ കുറയുന്നതും വിദേശ നിക്ഷേപം സ്ഥിരപ്പെടുന്നതും ഇന്ത്യൻ വിപണിയിൽ വരും മാസങ്ങളിൽ പുതിയ മുന്നേറ്റത്തിന് അടിത്തറയിടുമെന്നാണ് വിപണിയിലെ പൊതുവായ പ്രതീക്ഷ.
Content Highlights: Foreign institutional investors (FIIs) reportedly invested $7.5 billion (around ₹70,500 crore) in Indian equities over 15 trading sessions.