ഒരു പേര് നിര്‍ദ്ദേശിക്കൂ, 2500 ദിര്‍ഹം സ്വന്തമാക്കൂ; ദുബായ് താമസക്കാര്‍ക്ക് ഗോള്‍ഡന്‍ ഓഫര്‍

ഈ ശൈത്യകാലത്ത് തുറക്കുന്ന പുതിയ 35 കമ്മ്യൂണിറ്റി പാര്‍ക്കുകളില്‍ ഒന്നിന് പേര് നിര്‍ദ്ദേശിച്ചാല്‍ 2500 ദിര്‍ഹം നേടാന്‍ പറ്റുന്ന ഓഫറാണ് ദുബായ് മുനിസിപ്പാലിറ്റി അവതരിപ്പിച്ചിരിക്കുന്നത്

ഒരു പേര് നിര്‍ദ്ദേശിക്കൂ, 2500 ദിര്‍ഹം സ്വന്തമാക്കൂ; ദുബായ് താമസക്കാര്‍ക്ക് ഗോള്‍ഡന്‍ ഓഫര്‍
dot image

ദുബായില്‍ താമസിക്കുന്നവര്‍ക്ക് ഗോള്‍ഡന്‍ ഓഫറുമായി ദുബായ് മുനിസിപ്പാലിറ്റി. ഈ ശൈത്യകാലത്ത് തുറക്കുന്ന പുതിയ 35 കമ്മ്യൂണിറ്റി പാര്‍ക്കുകളില്‍ ഒന്നിന് പേര് നിര്‍ദ്ദേശിച്ചാല്‍ 2500 ദിര്‍ഹം നേടാന്‍ പറ്റുന്ന ഓഫറാണ് ദുബായ് മുനിസിപ്പാലിറ്റി അവതരിപ്പിച്ചിരിക്കുന്നത്. 11 അയല്‍പ്പക്കങ്ങളിലെ താമസക്കാര്‍ക്ക് അവരുടെ ആശയങ്ങള്‍ പങ്കുവെക്കാം. അതില്‍ നിന്നും 35 എന്‍ട്രികളാണ് തെരഞ്ഞെടുക്കുക. ആകെ 87,500 ദിര്‍ഹമാണ് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മുനിസിപ്പാലിറ്റി നല്‍കുന്നത്.

ദുബായ് പബ്ലിക് പാര്‍ക്ക്‌സിന്റെ 'Name Your Park' എന്ന ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് പേര് നിര്‍ദ്ദേശിക്കുന്ന പദ്ധതി ഒരുക്കിയിരിക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റി വെബ്‌സൈറ്റിലൂടെയാണ് പാര്‍ക്കിന് പേര് നിര്‍ദ്ദേശിക്കേണ്ടത്. ഡിസംബര്‍ ഒമ്പത് വരെയാണ് പേരുകള്‍ നിര്‍ദ്ദേശിക്കേണ്ട അവസാന തീയതി. ഡിസംബറില്‍ തന്നെ ഒരു പൊതു പരിപാടിയില്‍ വിജയികളെ പ്രഖ്യാപിക്കും.

അല്‍ഖവനീജ്, അല്‍ മിസാര്‍, മുഹൈസ്‌നാ, അല്‍ ബര്‍ഷ, അല്‍ വര്‍ഖ്വ, മിര്‍ദിഫ്, നാഡ് അല്‍ ഷെബ, അല്‍ മര്‍ഘം, അല്‍ ലിസൈലി, അല്‍ നഹ്ദ, ഘദീര്‍ അല്‍ തൈര്‍ എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്കാണ് ഈ അവസരമുള്ളത്. ഏത് രീതിയില്‍ വേണമെങ്കിലും പേരുകള്‍ നിര്‍ദ്ദേശിക്കാം. കുട്ടിക്കാലത്തെ ഓര്‍മകളോ, പ്രദേശത്തിന്റെ ചരിത്രമോ തുടങ്ങി ഏത് തീമിലും പേരിടാന്‍ സാധിക്കും.

താമസക്കാര്‍ക്ക് സര്‍ഗാത്മകമായ പേരുകള്‍ നല്‍കാന്‍ സാധിക്കുമെങ്കിലും ചില മാനദണ്ഡങ്ങള്‍ അവര്‍ പാലിക്കേണ്ടതുണ്ട്.

Representative image
പ്രതീകാത്മക ചിത്രം

നിര്‍ദ്ദേശിക്കപ്പെടുന്ന പേരുകള്‍ അയല്‍പ്പക്കത്തിന്റെ പ്രാദേശിക അര്‍ത്ഥം പ്രതിഫലിപ്പിക്കുന്നതായിരിക്കണം, ചരിത്രം, ഐഡന്റിന്റി എന്നിവ ഉണ്ടായിരിക്കണം, പോസിറ്റീവായ ഒരു സന്ദേശമുണ്ടാകണം, ഉച്ഛരിക്കാന്‍ എളുപ്പമുള്ളതാകണം, അറബിയിലും ഇംഗ്ലീഷിലും എഴുതാന്‍ സാധിക്കണം, വരും തലമുറകള്‍ക്കും പ്രസക്തമായി തുടരണം, പാര്‍ക്ക് സൈനേജുകളിലും മാപ്പുകളിലും ഉപയോഗിക്കാന്‍ സാധിക്കണം എന്നിവയാണ് മാനദണ്ഡങ്ങള്‍.

35 പാര്‍ക്കുകള്‍ പുതുതായി നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് പേരിടല്‍ മത്സരം സംഘടിപ്പിക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റി നിയന്ത്രിക്കുന്ന 220ലധികം പാര്‍ക്കുകള്‍ നഗരത്തിലുടനീളം നിലവിലുണ്ട്. ഇത് കൂടാതെയാണ് ഇപ്പോള്‍ വീണ്ടും പുതിയ പാര്‍ക്കുകള്‍ തുറക്കുന്നത്.

Content Highlights: Dubai Municipality has announced an exciting opportunity for residents, offering AED 2,500 for suggesting names for its new community parks. The initiative is part of the opening of 35 new community parks this winter.

dot image
To advertise here,contact us
dot image