പൊച്ചെറ്റിനോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക്; മൈക്കല്‍ കാരിക്കിന്റെ ഭാവി പ്രതിസന്ധിയില്‍

തുടര്‍ത്തോല്‍വികള്‍ക്ക് പിന്നാലെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകനെ മാറ്റി പുതിയ കോച്ചിനെ നിയമിക്കാന്‍ മാനേജ്‌മെന്റ്

പൊച്ചെറ്റിനോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക്; മൈക്കല്‍ കാരിക്കിന്റെ ഭാവി പ്രതിസന്ധിയില്‍
dot image

മാഞ്ചെസ്റ്റര്‍ യൂണൈറ്റഡ് പരിശീലകന്‍ മൈക്കല്‍ കാരിക്കിന്റെ ഭാവി പ്രതിസന്ധിയിലാണെന്നും ക്ലബ്ബ് സമീപിച്ചാല്‍ ചുമതലയേല്‍ക്കാന്‍ യുഎസ്എ പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റിനോ തയ്യാറാണെന്നും റിപ്പോര്‍ട്ട്. എല്ലാ ടൂര്‍ണമെന്റുകളിലുമായി സീസണില്‍ വെറും മൂന്ന് വിജയങ്ങള്‍ മാത്രം നേടാനായ ടീമിന്റെ അവസ്ഥ ചര്‍ച്ച ചെയ്യാന്‍ ക്ലബ്ബ് സിഇഒ ഒമര്‍ ബെറാഡയും ഡയറക്ടര്‍ ഓഫ് ഫുട്‌ബോള്‍ ജേസണ്‍ വില്‍കോക്‌സും ഇന്ന് ഉടമയായ സര്‍ ജിം റാറ്റ്ക്ലിഫുമായി കൂടിക്കാഴ്ച നടത്തും.

ഇന്റര്‍നാഷണല്‍ ബ്രേക്കിലേക്ക് കടക്കുമ്പോള്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ ആസ്റ്റണ്‍ വില്ലയ്ക്കെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളുകള്‍ നേടി 4-4 സമനില പിടിച്ചെങ്കിലും, പ്രീമിയര്‍ ലീഗില്‍ റിലഗേഷന്‍ സോണില്‍ 18-ാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്.

കാരിക്കിന്റെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരങ്ങള്‍. പോച്ചെറ്റിനോ ചുമതലയേല്‍ക്കാന്‍ താല്പര്യം കാണിക്കുന്നുണ്ടെങ്കിലും യുഎസ്എ ഫുട്‌ബോള്‍ ബോര്‍ഡുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ 7 ദശലക്ഷം പൗണ്ട് യൂണൈറ്റഡ് നല്‍കേണ്ടി വരും. 2026 ഫിഫ ലോകകപ്പില്‍ യുഎസ്എയെ പ്രീ-ക്വാര്‍ട്ടറിലേക്ക് നയിച്ചതിന് ശേഷം മുന്‍ അര്‍ജന്റീന താരമായ പോച്ചെറ്റിനോ 2030 വരെ കരാര്‍ നീട്ടിയിരുന്നു. നിലവില്‍ കോണ്‍കാകാഫ് നാഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹെയ്തിക്കെതിരായ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. മുമ്പും രണ്ട് തവണ പോച്ചെറ്റിനോയുമായി മാഞ്ചെസ്റ്റര്‍ യൂണൈറ്റഡ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

മുന്‍ മാഞ്ചെസ്റ്റര്‍ യൂണൈറ്റഡ് ഇതിഹാസമായ കാരിക്കിന് ഈ സീസണില്‍ ആശ്വാസ നിമിഷങ്ങള്‍ വളരെ കുറവായിരുന്നു. പ്രീമിയര്‍ ലീഗിലെ 10 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ടീമിനെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റോമയ്ക്കെതിരെ 3-2 എന്ന സ്‌കോറിന് ടീം തിരിച്ചടിച്ച വിജയം അദ്ദേഹത്തിന് താല്‍ക്കാലിക ആശ്വാസം നല്‍കിയെങ്കിലും, 4-4 സമനില വീണ്ടും ഭാവി അനിശ്ചിതത്വത്തിലാക്കി. കഴിഞ്ഞ മാസം ബേണ്‍മത്തിനോട് 0-3 ന് തോറ്റപ്പോഴും പ്രകടനം മെച്ചപ്പെടുത്താന്‍ കാറിക്കിന് സമയം അനുവദിച്ചിരുന്നെങ്കിലും റോമയ്ക്കെതിരായ ജയമൊഴികെ മറ്റ് മാറ്റങ്ങളൊന്നും സൃഷ്ടിക്കാന്‍ ക്ലബ്ബിനായില്ല.

റൂബന്‍ അമോറിമിന് ശേഷം ജനുവരിയില്‍ ഇടക്കാല പരിശീലകനായി എത്തി 17 മത്സരങ്ങളില്‍ നിന്ന് 39 പോയിന്റോടെ ടീമിനെ ലീഗില്‍ മൂന്നാം സ്ഥാനത്ത് എത്തിക്കുകയും ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തതോടെയാണ് മെയ് മാസത്തില്‍ കാരിക്കിന് രണ്ട് വര്‍ഷത്തെ സ്ഥിര കരാര്‍ നല്‍കിയത്. ഡയറക്ടര്‍ ഓഫ് ഫുട്‌ബോള്‍ ജേസണ്‍ വില്‍കോക്‌സിന്റെ നേതൃത്വത്തില്‍ വിലയിരുത്തലുകള്‍ നടക്കവെ ചൊവ്വാഴ്ച രാവിലെ കാരിക്ക് പരിശീലന ഗ്രൗണ്ടിലെത്തിയിരുന്നു. നവംബര്‍ 22 മുതല്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

content highlights: Pochettino Emerges as Favorite for Manchester United Job

dot image
To advertise here,contact us
dot image