സച്ചിന്റെ ക്രിക്കറ്റ് ഓര്‍മകള്‍ മ്യൂസിയത്തിലേക്ക്; പ്രിയപ്പെട്ട ബാറ്റുകളും കൈമാറും

മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ക്രിക്കറ്റ് മ്യൂസിയത്തിലേക്കാണ് സാമഗ്രികള്‍ മാറ്റുക

സച്ചിന്റെ ക്രിക്കറ്റ് ഓര്‍മകള്‍ മ്യൂസിയത്തിലേക്ക്; പ്രിയപ്പെട്ട ബാറ്റുകളും കൈമാറും
dot image

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പാരമ്പര്യത്തിന് മാറ്റുകൂട്ടുന്നതിനും ക്രിക്കറ്റിന്റെ പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിന്റെ ഭാഗമായി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ചില ക്രിക്കറ്റ് സാമഗ്രികള്‍ എംസിഎ ശരദ് പവാര്‍ ക്രിക്കറ്റ് മ്യൂസിയത്തിന് സമ്മാനിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികയ്ക്കാന്‍ അദ്ദേഹത്തെ സഹായിച്ച ബാറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സച്ചിന്‍ തന്റെ സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 200-ാം ടെസ്റ്റ് കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച നവംബര്‍ 16 തീയതിയുടെ ഓര്‍മ്മയ്ക്കായി നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഈ ശേഖരം അനാച്ഛാദനം ചെയ്യും. വ്യത്യസ്തമായ പരിപാടി എന്ന നിലയില്‍, എംസിഎ മ്യൂസിയം 'ബാറ്റോഗ്രാഫി' എന്ന് പേരിട്ടിരിക്കുന്ന ഒരു പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കും. തെണ്ടുല്‍ക്കറുടെ 26 ബാറ്റുകളും അദ്ദേഹത്തിന്റെ തിളക്കമാര്‍ന്ന കരിയറിലെ മറ്റ് സുപ്രധാന സ്മാരകങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും. ഒരു ജീവചരിത്രം എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 'ബാറ്റോഗ്രാഫി' ഒരുക്കിയിരിക്കുന്നത്. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ നിമിഷങ്ങളില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ബാറ്റുകളിലൂടെയാണ് ഇതില്‍ അദ്ദേഹത്തിന്റെ ക്രിക്കറ്റ് യാത്ര വിവരിക്കുന്നത്. ഓരോ ബാറ്റും തലമുറകളെ പ്രചോദിപ്പിച്ച ഒരു കരിയറിന്റെ ഓരോ അധ്യായങ്ങളെ പ്രതിനിധീകരിക്കുന്നു.

'ഇന്ത്യന്‍-ലോക ക്രിക്കറ്റിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ നല്‍കിയ സംഭാവനകള്‍ അദ്ദേഹം സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ക്കും അപ്പുറമാണ്. അദ്ദേഹത്തിന്റെ യാത്ര ദശലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ ഓര്‍മ്മകളുമായി തുന്നിച്ചേര്‍ക്കപ്പെട്ടതാണ്. ആ യാത്രയിലെ ഏറ്റവും വ്യക്തിപരമായ ഓര്‍മ്മച്ചെപ്പുകളാണ് ഈ ബാറ്റുകള്‍. 'ബാറ്റോഗ്രാഫി'യിലൂടെ ഞങ്ങള്‍ എംസിഎ മ്യൂസിയത്തിന് ഒരു പുതിയ മാനം നല്‍കുകയാണ്. അവിസ്മരണീയ നിമിഷങ്ങള്‍ക്ക് കാരണമായ സാമഗ്രികളിലൂടെ തന്നെ ആ ചരിത്രത്തിന് പിന്നിലെ കഥ അനുഭവിക്കാന്‍ സന്ദര്‍ശകര്‍ക്ക് ഇതിലൂടെ കഴിയും. തന്റെ ഈ വിലയേറിയ സമ്പാദ്യം എംസിഎയുമായി പങ്കിടാന്‍ സച്ചിന്‍ തയ്യാറായതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു.' -സംരംഭത്തെക്കുറിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അജിങ്ക്യ നായിക് പറഞ്ഞു.

ബാറ്റുകള്‍ക്ക് പുറമെ, അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന സന്ദര്‍ഭങ്ങളില്‍ നിന്നുള്ള ഹെല്‍മെറ്റുകള്‍, ജേഴ്‌സികള്‍, കുറിപ്പുകള്‍ തുടങ്ങിയ സ്മാരകങ്ങളും പ്രദര്‍ശനത്തിനുണ്ടാകും. ഈ പ്രത്യേക ഇടം സച്ചിന്റെ അസാധാരണമായ ക്രിക്കറ്റ് യാത്രയുടെ ശാശ്വതമായ ഓര്‍മ്മപ്പെടുത്തലായി നിലകൊള്ളുകയും, ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ കരിയറിലെ സുവര്‍ണ്ണ നിമിഷങ്ങളും ഓര്‍മ്മകളും പുനരാവിഷ്‌കരിക്കാനുള്ള അവസരമൊരുക്കുകയും ചെയ്യും.

content highlights: Sachin Tendulkar Gifts 26 Iconic Bats and Memorabilia to MCA Museum for 'Batography' Exhibition

dot image
To advertise here,contact us
dot image