

ജയ്പൂർ: യുപിക്ക് പിന്നാലെ ദിവസേന സർക്കാർ സ്‌കൂളുകളിൽ പത്രം വായിക്കുന്നത് നിർബന്ധമാക്കി രാജസ്ഥാൻ. വിദ്യാർഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക, പൊതുകാര്യങ്ങളിൽ അവബോധം ഉണ്ടാക്കുക, പദാവലി മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ തീരുമാനം. രാവിലെ അസംബ്ലിയിൽ കുറഞ്ഞത് പത്തു മിനിറ്റ് എങ്കിലും വിദ്യാർത്ഥികൾ പത്രം വായിച്ചിരിക്കണമെന്നാണ് ഡിസംബർ 31ന് പുറത്ത് വന്ന നിർദേശത്തില്‍ പറയുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികൾ വാർത്തകൾ മനസിലാക്കാനും നിലവിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കാനും വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സർക്കാർ സീനിയർ സെക്കണ്ടറി സ്‌കൂളുകൾ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ എന്നിവയോട് കുറഞ്ഞ് രണ്ടു പത്രങ്ങളുടെ വരിക്കാരാകണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. ഇതിൽ ഒന്ന് ഹിന്ദിയും മറ്റൊന്നും ഇംഗ്ലീഷ് പത്രവുമായിരിക്കണം. അതേസമയം സർക്കാർ അപ്പർ പ്രൈമറി സ്‌കൂളുകളിൽ കുറഞ്ഞത് രണ്ട് ഹിന്ദി പത്രങ്ങളെങ്കിലും വേണമെന്നാണ് നിർദേശം. പത്രങ്ങളുടെ ചെലവ് വഹിക്കുന്നത് ജയ്പൂർ രാജസ്ഥാൻ സ്‌കൂൾ എഡ്യുക്കേഷൻ കൗൺസിലായിരിക്കും.
ദിവസേന പത്രത്തിൽ നിന്നും അഞ്ച് പുതിയ വാക്കുകൾ കണ്ടെത്തണമെന്നാണ് സ്‌കൂളുകൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം. കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താൻ ഇതിന്റെ അർത്ഥം കുട്ടികൾക്ക് വിശദീകരിക്കണമെന്നും നിർദേശത്തിലുണ്ട്. രാവിലെ അസംബ്ലി നടക്കുമ്പോൾ ദേശീയ തലത്തിലുള്ള ഒരു ഇംഗ്ലീഷ് ദിനപത്രവും ഹിന്ദി ദിനപത്രവും ഉറക്കെ വായിക്കണമെന്നും സ്‌കൂളുകൾക്ക് നിർദേശമുണ്ട്. ഇവ കൂടാതെ ക്ലാസുകൾ തരംതിരിച്ച് കുട്ടികളെ കൊണ്ട് പത്രം വായിപ്പിക്കണം. എഡിറ്റോറിയലും പ്രധാന ദേശീയ, അന്താരാഷ്ട്ര, കായിക സംഭവവികാസങ്ങൾ വിദ്യാർത്ഥികളെ കൊണ്ട് ചർച്ച ചെയ്യിക്കണമെന്നും നിർദേശത്തിൽ വിശദീകരിക്കുന്നു.
പൊതുവിജ്ഞാനം മെച്ചപ്പെടാനും സാമൂഹിക അവബോധമുണ്ടാവാനും മാത്രമല്ല മത്സരപരീക്ഷകളിൽ കുട്ടികളെ തയ്യാറാക്കാൻ കൂടി വേണ്ടിയാണ് ഈ തീരുമാനമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
Content Highlights: Rajasthan mandates newpaper reading mandatory in Schools