

കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി, പണപ്പെരുപ്പം, രാഷ്ട്രീയ അസ്ഥിരത, ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നങ്ങൾ, അഫ്ഗാനിസ്ഥാനുമായുള്ള സംഘർഷങ്ങൾ, എന്നിങ്ങനെ ഒന്നല്ല ഒരായിരം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന രാജ്യമാണ് പാകിസ്താൻ. പഹൽഗാം ആക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നല്‍കാന്‍ മടിച്ചില്ലെന്ന് മാത്രമല്ല സിന്ധു നദീജല കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുകയും ചെയ്തിരുന്നു. മോശം ജല വിതരണ സംവിധാനം കാരണം മാത്രമല്ല, കാലാവസ്ഥാ മാറ്റം, വർധിച്ച ജനസംഖ്യ എന്നീ കാരണങ്ങൾ കൊണ്ടും പലപ്പോഴും ജല പ്രതിസന്ധി ആ രാജ്യത്തെ വലക്കാറുള്ളതാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ സിന്ധു നദീജല കരാറില്‍ നിന്ന് കൂടി പിന്മാറിയാല്‍ അത് പാകിസ്താന് നല്‍കുന്ന തിരിച്ചടികള്‍ അതിഭീകരമായിരിക്കും.

യഥാർത്ഥത്തിൽ ഇന്ത്യയുടെ ഊഴം കഴിഞ്ഞപ്പോഴേക്കും പാകിസ്താന് അടുത്ത എട്ടിന്റെ പണിയുമായി അഫ്‌ഗാനിസ്ഥാനും എത്തിയിരിക്കുകയാണ്. കാരണം, പാകിസ്താനിലേക്ക് ഒഴുകുന്ന കുനാർ നദിയിൽ നിന്ന് അണക്കെട്ടുകൾ നിർമ്മിക്കാനും വെള്ളം തിരിച്ചുവിടാനുമുള്ള പദ്ധതിയുമായി അഫ്ഗാൻ താലിബാൻ മുന്നോട്ട് പോവുകയാണ്.
ഈ പദ്ധതിയുമായി മുന്നോട്ട് പോയാൽ തൊട്ട് അടുത്തുള്ള പാകിസ്താന് തന്നെ ആണ് പ്രശ്‍നം. പാകിസ്താന്റെ നാല് പ്രവിശ്യകളിൽ ഒന്നായ ഖൈബർ പഖ്തുൻഖ്വയിലേക്ക് വളരെ വലിയ തോതിൽ എത്തുന്ന വെള്ളം ഈ പറഞ്ഞ കുനാർ നദിയിൽ നിന്നുമാണ് വരുന്നത്. കുനാർ നദിക്ക് ഏകദേശം 480 കിലോമീറ്റർ നീളമുണ്ട്. പാകിസ്താനിലെ ചിത്രാലിൽ നിന്ന് ആരംഭിച്ച് കുനാർ, നൻഗർഹാർ വഴി അഫ്ഗാനിസ്ഥാനിലേക്ക് ഒഴുകി, വീണ്ടും പാകിസ്താനിലേക്ക് ആ നദി പ്രവേശിച്ച് സിന്ധു നദീതടത്തിൽ ചേരുകയാണ് ചെയ്യുന്നത്. കാബൂൾ നദിയോടൊപ്പം, വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ വലിയ ഭാഗങ്ങൾക്ക് കൃഷി, കുടിവെള്ള ആവശ്യങ്ങൾ, ജലവൈദ്യുത പദ്ധതികൾ എന്നിവക്കായി വെള്ളം എത്തിക്കുന്ന ഒരു ജീവരേഖയാണിത്. ഈ നദിയിലെ വെള്ളത്തിന്റെ അളവ് ഒഴുകുന്ന പ്രദേശത്തേക്ക് ഗണ്യമായി കുറഞ്ഞാൽ, ദശലക്ഷക്കണക്കിന് ആളുകളെ അത് നേരിട്ട് തന്നെ ബാധിക്കും. പാകിസ്താന്റെ കാര്യവും അങ്ങനെ തന്നെ. ഈ നദിയിൽ ഡാം കെട്ടാൻ ഉള്ള പദ്ധതിയുമായി അഫ്ഗാനിലെ താലിബാൻ മുന്നോട്ട് പോയാൽ അതു പാക്കിസ്ഥാന് കനത്ത അടിയാകും എന്നുറപ്പ്. അപ്പോൾ ഉള്ള ചോദ്യം…എന്തിനു വേണ്ടിയാണു അഫ്ഗാൻ അങ്ങനെ ഒരു നീക്കം ഇപ്പോൾ നടത്തുന്നത്? പാകിസ്ഥാനിട്ട് ഒരു പണി കൊടുക്കുക എന്നതാണോ ഉദ്ദേശം ?
അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര വികസനം മാത്രമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും പാകിസ്താനെ ലക്ഷ്യം വെച്ചല്ല ഒന്നും ചെയ്തതെന്നും അവർ അവകാശപ്പെടുന്നുണ്ട്. പക്ഷേ ഡാം പണി പൂർത്തിയായി ഉയർന്നു വന്നാൽ പാകിസ്താന് ഒട്ടും ശുഭകരമായേക്കില്ല. ഇന്ത്യ സിന്ധു ജല കരാർ താൽക്കാലികമായി നിർത്തിവച്ചതിന് തൊട്ടുപിന്നാലെ നടക്കുന്ന ഈ സംഭവവികാസം, അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ കൂടുതൽ പിരിമുറുക്കം സൃഷ്ടിക്കും എന്ന് തന്നെ വേണം പറയാൻ.

നേരത്തെ തന്നെ അതിർത്തി തർക്കങ്ങളാൽ പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിൽ ഇടഞ്ഞ് നിൽക്കുന്നതുകൊണ്ട് അഫ്ഗാനിസ്താൻ എടുക്കുന്ന അടുത്ത നീക്കം കൂടുതൽ തർക്കത്തിലേക്ക് പോയേക്കാമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഏറ്റവും പ്രധാനമായി, എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയും, പാകിസ്താനും തമ്മിൽ സിന്ധു നദീജല ഉടമ്പടി നിലനിൽക്കുന്നുണ്ട്. എന്നാൽ പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിൽ അതിർത്തി കടന്നുള്ള ഒരു ഔദ്യോഗിക ജല ഉടമ്പടിയില്ല. അതുകൊണ്ട് തന്നെ അണക്കെട്ടുകൾ നിർമ്മിക്കാൻ അഫ്ഗാനിസ്താൻ തീരുമാനം എടുത്താൽ അതിനെ എതിർക്കാൻ പാകിസ്താന് കഴിയില്ല. ഇതിനർത്ഥം പദ്ധതി തടയാൻ പാകിസ്താന് വ്യക്തമായ നിയമപരമായ മാർഗമില്ല എന്ന് സാരം. നിയമപരമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് അവിടെ ഒരു സംഘർഷ സാഹചര്യ സാധ്യ തന്നെയാണ് വിദഗ്ദ്ധർ കാണുന്നത്. ജല തർക്കം രണ്ട് അയൽക്കാർക്കും ഇടയിലുള്ള ഒരു പുതിയ സംഘർഷബിന്ദുവായി മാറുമോ എന്ന ആശങ്കയും വർദ്ധിച്ചുവരുന്നുണ്ട്.
Content Highlights : Afganistan to build new dam that may trouble Pakistan